ബിഗ് ബോസിലെ ഏറ്റവും സന്തോഷവാനായ മത്സരാര്‍ത്ഥി താനായിരുന്നുവെന്ന് ടെലിവിഷന്‍ താരം ശ്രീനിഷ് അരവിന്ദ്. ഷോയ്ക്ക് ശേഷം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് പ്രതികരിക്കുകയായിരുന്നു താരം. സാബുമോന്‍ വിജയിയായതില്‍ അതിയായ സന്തോഷമുണ്ടെന്നും എന്നാല്‍ തന്റെ മനസ്സിലെ വിജയി എന്നും പേളി മാണിയാണെന്നും ശ്രീനിഷ് പ്രതികരിച്ചു. ഹൗസിലെ പേളി-ശ്രീനിഷ് പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇത് തിരക്കഥയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് സത്യമല്ലെന്നും ശ്രീനിഷ് പ്രതികരിച്ചു.

ഇത് സ്‌ക്രിപ്റ്റ് പ്രകാരമാണെന്ന് ചിലര്‍ പറയുന്നതു കേട്ടു. എന്നാല്‍ അതില്‍ സത്യമില്ല. നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ തന്നെ ഞാനും പേളിയും ഭാവി കാര്യങ്ങളെക്കുറിച്ച് ഇനി ആലോചിക്കും. ആ വീടിനകത്ത് ആരും തിരക്കഥ അനുസരിച്ചല്ല ജീവിച്ചത്. എല്ലാവരും സത്യസന്ധമായാണ് പെരുമാറിയത്.

പേളിയായിരുന്നു എന്റെ ബലം. അപരിചതമായ ഒരു സ്ഥലത്ത് ജീവിക്കുന്ന പോലെ എനിക്ക് തോന്നിയില്ല. അത് സ്വന്തം വീട് പോലെയായിരുന്നു. പേളി എല്ലാവരെയും നന്നായി ശ്രദ്ധിക്കുന്ന വ്യക്തിയാണ്. മനസ്സില്‍ ഒന്നും വയ്ക്കുകയില്ല. എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന സ്വഭാവമാണ്. അതൊക്കെയായിരിക്കും പേളിയെ ഇഷ്ടപ്പെടാന്‍ കാരണം- ശ്രീനിഷ് പറഞ്ഞു. 

തനിക്കും പേളിക്കും പിന്തുണ നല്‍കിയ എല്ലാ പ്രേക്ഷകരോടും ശ്രീനിഷ് നന്ദി രേഖപ്പെടുത്തി. 

പതിനാറ് മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ബിഗ് ബോസില്‍ അവസാനഘട്ടത്തില്‍ അഞ്ച് പേരായിരുന്നു അവശേഷിച്ചത്. പേളി, ശ്രീനിഷ്, സാബു എന്നിവര്‍ക്ക് പുറമേ നടന്‍ അരിസ്‌റ്റോ സുരേഷ്, മോഡല്‍ ഷിയാസ് കരീം എന്നിവരാണ് ഫൈനലിലെത്തിയത്. ശക്തമായ പ്രേക്ഷക പിന്തുണയോടെ സാബു വിജയ കിരീടം ചൂടി. പേളയായിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്.