ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ വീട്ടിലിരിക്കുകയാണ്. കൊറോണ ഭീതി ഒരു വശത്തും വെറുതെ വീട്ടിലിരുന്ന് തുരുമ്പെടുക്കുന്നു എന്ന പരാതി മറുവശത്തും ശക്തമാണ്. അതിനിടയിലാണ് ദൂരദര്‍ശനില്‍ മുന്‍പ് സംപ്രേഷണം ചെയ്തിരുന്ന രാമായണം, മഹാഭാരതം തുടങ്ങിയ സീരിയലുകള്‍ പുന:സംപ്രേഷണം ചെയ്യാനുള്ള ആവശ്യം ഉയര്‍ന്നു വന്നത്. 

കേന്ദ്ര മന്ത്രാലയം ഇത് പരിഗണിക്കുകയും വീണ്ടും പുനസംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ച വിവരം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. 

ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ ലോകം ശക്തിമാന്‍ പുന:സംപ്രേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. നിരവധി പേരാണ് ശക്തിമാന്‍ എന്ന ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാലത്തെ ഹീറോയെ, ശക്തമാനെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നുണ്ട് തുടങ്ങി വ്യത്യസ്തമായ കമ്മന്റുകളാണ് ട്വിറ്ററില്‍ നിറയുന്നത്. 

ശക്തിമാനെ കൂടാതെ, മുന്‍കാലങ്ങളില്‍ സംപ്രേഷണം ചെയ്തിരുന്ന മറ്റു പല സീരിയലുകളും തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളില്‍ ശക്തമാണ്. കാണാന്‍ ആഗ്രഹിക്കുന്ന പത്ത് മുന്‍കാല സീരിയലുകള്‍ എന്ന പേരില്‍ പലരും കേന്ദ്രമന്ത്രിയെ ടാഗ് ചെയ്ത് പോസ്റ്റിടുന്നവരും കുറവല്ല.

രാജാ രാഞ്ചോ, ചന്ദ്രകാന്താ, മാല്‍ഗുഡി ഡേയ്‌സ്, ബ്യോംകേശ് ബക്ഷി എന്നീ സീരിയലുകളുടെയും പുനര്‍സംപ്രേഷണം ആവശ്യപ്പെടുന്നവരുമുണ്ട്. മുതിര്‍ന്നവരുടെ ആവശ്യം പരിഗണിച്ചതുപോലെ കുട്ടികളെയും പരിഗണിക്കണമെന്നും പലരും പറയുന്നുണ്ട്. 

ലോക്ക്ഡൗണ്‍ കാലം ആനന്ദകരമാക്കാന്‍ രാമായണവും മഹാഭാരതവും കൊണ്ടുവന്നതു പോലെ 90-കളിലെ സൂപ്പര്‍ഹീറോ ശക്തിമാനെയും തിരിച്ചുകൊണ്ടു വരൂ എന്നാണ് ട്വീറ്റര്‍ ലോകം ആവശ്യപ്പെടുന്നത്. ഹാഷ്ടാഗ് പങ്കുവെച്ച് ട്രെന്‍ഡിങ്ങാക്കി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ.

Content Highlights: Social media asks retelecast of Shaktiman after decision comes on Ramayan, Mahabharath