ഏറെ നാളായി മിനിസ്ക്രീൻ ആരാധകരുടെയുള്ളിൽ‌ നോവായിരുന്നു ട്യൂമർ ബാധിച്ച് ചികിത്സയിലിരുന്ന നടി ശരണ്യ ശശിയുടെ അവസ്ഥ. ട്യൂമറിനുള്ള ഒമ്പതാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞ് ഏതാണ്ട് തളർന്ന അവസ്ഥയിലായി പോയിരുന്ന താരം ചെറുതായി നടന്നു തുടങ്ങിയെന്നും സംസാരിച്ച് തുടങ്ങിയെന്നുമുള്ള ശുഭ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 

രണ്ടര മാസത്തെ ഫിസിയോ തെറാപ്പിക്ക് ശേഷം പ്രതീക്ഷയുടെ ചെറു വെളിച്ചം ശരണ്യയുടെ ജീവിതത്തിലേക്കും വന്നെത്തിയിരിക്കുകയാണ്. മകളുടെ മുഖത്ത് നിന്ന് ഏറെ നാളായി നഷ്ടപ്പെട്ട പ്രസരിപ്പും ഉന്മേഷവും തിരിച്ചു വന്ന സന്തോഷമാണ് ശരണ്യയുടെ അമ്മ ​ഗീതയ്ക്കും പങ്കുവയ്ക്കാനുള്ളത്. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ​ഗീത മാതൃഭൂമി ഡോട് കോമിനോട്.

​"കോതമം​ഗലം നെല്ലിക്കുഴി പീസ് വാലി ആശുപത്രിയിലാണ് ശരണ്യയുടെ ഫിസിയോ തെറാപ്പി നടക്കുന്നത്. ഇവിടെ സൗജന്യമായാണ് ചികിത്സ. സീമ ജി നായർ ഇടപെട്ടാണ് ഇവിടെ എത്തിക്കുന്നത്.  ഏതാണ്ട് രണ്ടര മാസമായി ചികിത്സയിലാണ്. ഈ ശനിയാഴ്ച്ച ഡിസ്ചാർജാവാൻ‌ പോവുന്നു. ഇങ്ങോട്ട് കൊണ്ടു വരുമ്പോൾ നടക്കാനൊന്നും പറ്റുമായിരുന്നില്ല. തളർന്ന നിലയിലാണ് ഇവിടെയെത്തുന്നത്. 

ശ്രീചിത്രയിലാണ് ട്യൂമറിന്റെ ചികിത്സ നടക്കുന്നത്. ഏപ്രിലിൽ ലോക്ഡൗണ്‍ സമയത്താണ് ഒരു മേജർ സർജറി കഴിഞ്ഞത്. അതവളുടെ ഒമ്പതാമത്തെ ശസ്ത്രക്രിയ ആയിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് തന്നെ ഏതാണ്ട് തളർന്ന അവസ്ഥയിലായിരുന്നു. അത് കഴിഞ്ഞപ്പോൾ വലതു വശം തളർന്നു. മാനസികമായും അവൾ വല്ലാതെ തളർന്നിരുന്നു. ഫിസിയോ തെറാപ്പിക്കായി ഇവിടെ എത്തിയതിൽ പിന്നെയാണ് അവൾക്ക് മാറ്റങ്ങൾ കാണുന്നത്. ഇപ്പോൾ ചെറുതായി നടന്നു തുടങ്ങി, ചിരിക്കാനും, നമ്മൾ പറയുന്ന കാര്യങ്ങളോട് പ്രതികരിക്കാനുമൊക്കെ തുടങ്ങി. അവളുടെ മുഖത്ത് പ്രസരിപ്പും ഉന്മേഷവും ഒക്കെ വന്നു തുടങ്ങി. അതെന്നും അങ്ങനെ തന്നെ ദൈവം തന്നാൽ മതിയെന്നേയുള്ളൂ. 

ഇനി തിരുവനന്തപുരത്ത് പോയി ട്യൂമറിന്റെ ബാക്കി ചികിത്സ തുടരണം. ചെക്കപ്പിന് ശേഷമേ എങ്ങനെയാണ് ബാക്കി ചികിത്സയെന്ന് തീരുമാനിക്കാനാവൂ. ഒന്നും നമുക്ക് പ്രവചിക്കാനാവില്ലല്ലോ. എല്ലാം ദൈവത്തിന്റെ കൈയ്യിൽ ഏൽപ്പിച്ച് മുന്നോട്ട് പോവുകയാണ്. അവസാനം വരെ അവളുടെ സ്വന്തം കാര്യം സ്വയം ചെയ്യാനുള്ള പ്രാപ്തി അവൾക്ക് കൊടുക്കണേ എന്ന് മാത്രമേ പ്രാർഥനയുള്ളൂ.

അതിന് കഴിയാത്ത അവസ്ഥ നമ്മൾ അനുഭവിച്ചതാണ്. മലമൂത്ര വിസർജനം വരെ കിടന്ന കിടപ്പിലാവുന്ന അവസ്ഥ വളരെ വിഷമം പിടിച്ച കാര്യമാണ്. കിടക്കേണ്ടി വരുന്ന ആൾ അനുഭവിക്കുന്ന മാനസിക വിഷമം പറഞ്ഞറിയിക്കാനാവില്ല. ഇപ്പോൾ അവളുടെ കാര്യങ്ങൾ ചെറുതായെങ്കിലും സ്വയം ചെയ്യാമെന്ന നിലയിലായിട്ടുണ്ട്. ഒറ്റക്ക് ബാത്റൂമിൽ പോവാനാവും. ഭക്ഷണം ഇത്ര നാളും വാരികൊടുക്കുകയായിരുന്നു. ഇപ്പോൾ വലതു കൈയ്യുടെ ചലനശേഷി കുറേശേ തിരിച്ചു വന്നിട്ടുണ്ട്. സ്വന്തമായി ഭക്ഷണം കഴിച്ചു തുടങ്ങി".​ഗീതയുടെ വാക്കുകളിൽ പ്രതീക്ഷ നിറയുന്നു.

ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്... തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ശരണ്യയുടെ അവസ്ഥ പുറത്തറിയിച്ചതും ആശുപത്രിയിൽ കൊണ്ടുപോകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഒപ്പം നിന്നതും നടി സീമ ജി  നായരായിരുന്നു. 

Content highlights : Serial Actress Saranya Sasi shows betterment after 0physiotherapy brain tumor surgery