ചെന്നൈ: തമിഴ് സീരിയല്‍ താരങ്ങളായ സഹോദരങ്ങളെ ചെന്നൈയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങയ്യൂര്‍ മുത്തമിഴ് നഗറില്‍ താമസിക്കുന്ന ശ്രീധര്‍ (50), ജയകല്യാണി (45) എന്നിവരാണ് മരിച്ചത്. ലോക്ഡൗണില്‍ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ വരുമാനമില്ലാതെ ഇവര്‍ പ്രയാസപ്പെട്ടിരുന്നതായാണ് വിവരം. നിയന്ത്രണങ്ങളോടെ ചില സീരിയലുകള്‍ ചിത്രീകരണമാരംഭിച്ചെങ്കിലും ഇരുവര്‍ക്കും അവസരമുണ്ടായിരുന്നില്ല. ഇരുവരും അവിവാഹിതരാണെന്ന് പോലീസ് പറഞ്ഞു.

വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് എത്തിയത്.

വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാല്‍ വാതില്‍ തകര്‍ത്ത് വീട്ടില്‍ കയറിയപ്പോള്‍ രണ്ട് മുറികളിലായി ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ സ്റ്റാന്‍ലി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊടുങ്ങയ്യൂര്‍ പോലീസ് അറിയിച്ചു.