തിരുവനന്തപുരം: സ്വാമി അയ്യപ്പന്‍ ഉള്‍പ്പെടെയുള്ള സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ പ്രശസ്ത സീരിയല്‍ താരം അരുവിക്കര കുഴിവിളാകത്ത് വീട്ടില്‍ ശബരീനാഥ് (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
അരുവിക്കരയിലെ വീടിന് സമീപം ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മൂക്കില്‍നിന്നും ചോര വാര്‍ന്ന ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
സ്വാമി അയ്യപ്പന്‍ ഉള്‍പ്പെടെ നിരവധി ജനപ്രിയ സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച ശബരീനാഥ് 15 വര്‍ഷമായി സീരീയില്‍ രംഗത്ത് സജീവമാണ്. പാടാത്ത പെങ്കിളി, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളില്‍ പ്രധാന വേഷങ്ങളില്‍ എത്തി. അടുത്തിടെ സംപ്രേഷണം തുടങ്ങിയ നിലവിളക്ക് എന്ന സീരിയലില്‍ അഭിനയിച്ചു വരികയായിരുന്നു. സാഗരം സാക്ഷി എന്ന ജനപ്രിയ സീരിയലിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടന ആത്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.
അച്ഛന്‍: പരേതനായ ജി.രവീന്ദ്രന്‍നായര്‍, അമ്മ: പി.തങ്കമണി. ഭാര്യ: ശാന്തി (ചൊവ്വര കിംഗ് ശിവ ആയുര്‍വേദ സെന്റര്‍). മക്കള്‍ : ഭാഗ്യ.എസ്.നാഥ്, ഭൂമിക .എസ്. നാഥ്. ആത്മ സെക്രട്ടറി ദിനേശ് പണിക്കര്‍, താരങ്ങളായ കിഷോര്‍ സത്യ, സാജന്‍ സൂര്യ, ഫസല്‍ റാഫി, ഉമാനായര്‍, ശരത്ത് തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി. ഭൗതിക ശരീരം കോവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Content Highlights: Serial actor Sabarinath passed away