മിനിസ്ക്രീൻ ആരാധകർക്ക് ഇന്നും നോവാണ് സീരിയൽ താരം ശബരിനാഥിന്റെ അകാല വിയോ​ഗം. ഹൃദയാഘാതത്തെ തുടർന്ന് 2020 സെപ്റ്റംബർ 17നാണ് ശബരിനാഥ് വിട പറയുന്നത്. ഇപ്പോഴിതാ തരത്തിന്റെ ഒന്നാം ചരമ വാർഷികത്തിൽ ഹൃദയസ്പർശിയായ ഓർമക്കുറിപ്പുകളുമായി എത്തുകയാണ് സഹപ്രവർത്തകർ.

"ഒരു വർഷം കൊണ്ട് പിന്നെയും അടുത്തു , ഒത്തിരി അകലെയാണങ്കിലും..." ശബരിയുടെ ഓർമകളിൽ നടൻ സാജൻ സൂര്യ കുറിച്ചു.

"നീ പോയിട്ട് ഒരു വർഷമായി  എന്ന്‌ വിശ്വസിക്കാനാവുന്നില്ല. ഇന്നലെ രാത്രി സാജനോട് (നടൻ സാജൻ സൂര്യ) സംസാരിക്കുമ്പോൾ നാളെ ശബരി ഇല്ലാത്ത ഒരാണ്ട് ആവുമെന്ന് പറഞ്ഞിരുന്നു. എത്ര വേഗമാണ്  കാലം പറന്ന് പോവുന്നത്. അന്ന് രാത്രി ദിനേശ് ഏട്ടന്റെ ഫോൺ വരുന്നതും, ഞാൻ സാജനെ വിളിക്കുന്നതും ആശുപത്രിയിലേക്ക് ഓടുന്നതും എല്ലാം മനസിലെ തിരശീലയിൽ മിഴിവുറ്റ  ഫ്ലാഷ്ബാക്ക് ചിത്രങ്ങൾ ആയി തെളിയുന്നു. അവിശ്വസനീയതയുടെ  ഇരുട്ടിൽ എനിക്ക് കാഴ്ച നഷ്ട്ടപ്പെട്ടു. പിന്നീട് വേദനയോടെ  എനിക്ക് എന്റെ മനസിനെ  പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വന്നു, ഇനിയുള്ള പകലുകളും രാത്രികളും  ഉപേക്ഷിച്ച് നീ പോയി എന്ന്‌. ഈ വീഡിയോ ആരോ അയച്ച് തന്നതാണ്. നിന്റെ ശബ്ദം ഇന്ന് ഒരിക്കൽ കൂടെ കേൾക്കുന്നു. ഈ വീഡിയോ ക്ലിപ്പ് ചെയ്ത ആൾ  ആരായാലും അയാൾക്ക്‌ എന്റെ ഒത്തിരി നന്ദി". നടൻ കിഷോർ സത്യ ഫെയ്സ്ബുക്കിൽ കുറിച്ചു.

സ്വാമി അയ്യപ്പൻ ഉൾപ്പെടെ നിരവധി ജനപ്രിയ സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച ശബരിനാഥ് 15 വർഷമായി സീരീയൽ രംഗത്ത് സജീവമായിരുന്നു. സീരിയൽ താരങ്ങളുടെ സംഘടന ആത്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. 

content highlights : serial actor sabarinath death anniversary rememberance