അച്ഛനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. അച്ഛന്റെയും അമ്മയുടെയും  വിവാഹ ചിത്രത്തിനൊപ്പമുള്ള റീൽസ് പങ്കുവച്ചാണ് രഞ്ജിനിയുടെ കുറിപ്പ്.

"അച്ഛൻ, അമ്മ, ഞാൻ...അതേ ഇതെന്റെ അച്ഛനും അമ്മയും. അവരുടെ വിവാഹദിനത്തിലെ ചിത്രമാണ്. എനിക്ക് തോന്നുന്നു 1980 ലോ 81 ലോ ആണിത്. കാരണം ഞാൻ ജനിച്ചത് 82 ലാണ്. അച്ഛന്റെ അകാല വിയോഗം കാരണം കുടുംബം എന്ന നിലയിൽ ഞങ്ങൾക്ക് അധികകാലം ഒന്നിച്ചുണ്ടാവാൻ സാധിച്ചില്ല. ഞാൻ പരാതി പറയാൻ പാടില്ല. കാരണം, എനിക്ക് കുറഞ്ഞത് ഏഴ് വർഷമെങ്കിലും അച്ഛനൊപ്പം ചെലവിടാൻ ലഭിച്ചു. സഹോദരന് വെറും ഒൻപത് മാസം മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. അവൻ അച്ഛനെ ശരിക്കും കണ്ടിട്ടു പോലുമില്ല..

പക്ഷേ ജീവിതം അങ്ങനെയാണ്..മോശം കാര്യങ്ങൾ സംഭവിക്കും നിങ്ങൾ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കും ജീവിതം മുന്നോട്ട് പോകും. 

ഞാനെന്താണ് പറഞ്ഞു വരുന്നത് എന്ന് വച്ചാൽ..വളരെ അപൂർവം അവസരങ്ങളിലേ ഞാൻ അച്ഛന്റെ ചിത്രം പങ്കുവയ്ക്കാറുള്ളൂ... എന്റെ കൈയ്യിൽ അധികം ചിത്രങ്ങൾ ഇല്ലെന്നതാണ് പ്രധാന കാരണം. ഇത് അങ്ങനെ ചെയ്യാൻ വളരെ രസകരമായ രീതിയാണെന്ന് തോന്നി...വിചിത്രമെന്നു പറയട്ടെ, അദ്ദേഹത്തെ ഓർക്കാൻ അതെനിക്കൊരു കാരണമായി. ഈ റീൽ ഐഡിയ ആരുടെ ചിന്തയാണെങ്കിലും അവർക്ക് നന്ദി. ചിലപ്പോൾ ഏറ്റവും വിചിത്രമായ കാര്യമാവും പഴയ ഓർമ്മയെ ഉണർത്തുന്നത്. ജീവിതം എന്ന ഈ യാത്ര എത്ര വിചിത്രമാണ്..."

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ranjini Haridas (@ranjini_h)

അച്ഛനെക്കുറിച്ചുള്ള ഓർമകൾ നേരത്തെ രഞ്ജിനി തന്റെ വ്ലോ​ഗിൽ പങ്കുവച്ചിരുന്നു. 

പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് താരം അച്ഛനെക്കുറിച്ച് മനസ്സു തുറന്നത്. രഞ്ജനി അച്ഛനെക്കുറിച്ച് അധികമൊന്നും സംസാരിക്കാറില്ല. അദ്ദേഹത്തിന്റെ ഫോട്ടോ ഒരിക്കലും കാണിച്ചിട്ടുമില്ല, അതൊന്ന് കാണിക്കാമോ എന്നായിരുന്നു രഞ്ജിനിയോട് ഒരു പ്രേക്ഷക ചോദിച്ചത്.

അധികമൊന്നും അറിയാത്തതുകൊണ്ടാണ് അച്ഛനെക്കുറിച്ച് സംസാരിക്കാത്തതെന്നും തനിക്ക് ഏഴു വയസ്സുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നും രഞ്ജിനി പറയുന്നു. അച്ഛൻ ഹരിദാസിന്റെ ഒരു ഛായാചിത്രവും രഞ്ജിനി വീഡിയോയിൽ കാണിക്കുന്നുണ്ട്

"ഇക്കാര്യം സത്യമാണ്. അച്ഛനെക്കുറിച്ച് ചോദിച്ചാൽ തന്നെ അതിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് തോന്നാറില്ല. കാരണം എനിക്ക് അറിയില്ല. എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് അദ്ദേഹം മരിക്കുന്നത്. അതുകൊണ്ട് തന്നെ അച്ഛനെ കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ വളരെ ഇമോഷണലാകും. വളരെക്കുറച്ച് ഓർമകൾ മാത്രമേ ഉള്ളൂ അച്ഛനെക്കുറിച്ച്. അദ്ദേഹം എങ്ങനെയുള്ള ആളായിരുന്നു എന്നു പോലും എനിക്കറിയില്ല.അനിയന്റെ കാര്യം പറഞ്ഞാൽ അച്ഛൻ മരിക്കുമ്പോൾ അവന് ഒൻപത് മാസമായിരുന്നു പ്രായം, അവന് അദ്ദേഹത്തെ കണ്ട ഓർമപോലും ഇല്ല.

അച്ഛന്റെ ഫോട്ടോ നിങ്ങളാരും കണ്ട് കാണില്ല. അങ്ങനെ അധികം ചിത്രങ്ങളില്ല. മിക്കതും വിവാഹങ്ങൾക്ക് പോയപ്പോൾ എടുത്ത ഗ്രൂപ്പ് ഫോട്ടോകൾ ആണ്. അമ്മയുടെ വീട്ടിൽനിന്ന് എടുത്തുകൊണ്ടു വന്ന അച്ഛന്റെ ഛായാചിത്രമാണിത്". രഞ്ജിനി പറയുന്നു

പോയ വർഷമാണ് രഞ്ജിനി വ്ലോ​ഗിങ്ങ് രം​ഗത്തേക്കും കാലെടുത്ത് വയ്ക്കുന്നത്. തന്റെ യാത്രകളും മറ്റു വിശേഷങ്ങളുമെല്ലാം താരം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.

content highlights : Ranjini Haridas about father instagram post family youtube