നടൻ രമേശ് വലിയശാലയുടെ അപ്രതീക്ഷിത മരണം നൽകിയ ഞെട്ടലിലാണ് ആരാധകരും സഹപ്രവർത്തകരും. രമേശിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു നടൻ ബാലാജി ശർമ പ്രതികരിച്ചത്. 

‘രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ....?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ....,,, ഞെട്ടൽ മാത്രം ! കണ്ണീർ പ്രണാമം .... നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് …. ആദരാഞ്ജലികൾ.’–ബാലാജി ശർമ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നമ്മൾ കുറച്ചു നാളുകൾക്ക് മുൻപ് സംസാരിച്ചപ്പോഴും ഒരുപാട് സന്തോഷത്തോടെ ആയിരുന്നല്ലോ സംസാരിച്ചത്.. പിന്നെ തിരക്ക് പിടിച്ച വർക്കുകൾക്ക് ഇടയിലും ആയിരുന്നു.. ഇത്ര പെട്ടെന്നു ഇങ്ങനെ സംഭവിക്കാൻ എന്താ,മനസ്സിലാകുന്നില്ലല്ലോ.. ഒന്നും അറിയുന്നില്ലല്ലോ.. നടി സീമ ജി നായർ പറയുന്നു.

‘പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷേ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേശിന് ആദരാഞ്ജലികൾ ..." പ്രൊഡക്‌ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ ഫെയ്സ്ബുക്കിൽ കുറിച്ചു.

ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് രമേശിനെ കണ്ടെത്തുന്നത്.  ഏതാണ്ട് 22 വർഷത്തോളമായി സീരിയൽ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. തിരുവനന്തപുരം ആർട്‍സ് കോളേജിൽ പഠിക്കവെയാണ് നാടകത്തിൽ സജീവമായത്. സംവിധായകൻ ഡോ. ജനാർദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവർത്തനം. കോളേജ് പഠനത്തിന് ശേഷമാണ് മിനിസ്‍ക്രീനിന്റെയും ഭാഗമായി മാറുന്നത്.

content highlights : Ramesh Valiyasala death serial actors remembrance