ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്ത് വന്നതിന് തൊട്ടുപിന്നാലെ നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ തനിക്ക് നേരേ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ആക്രമണം നടക്കുന്നുവെന്ന് നടി രാജിനി ചാണ്ടി. ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് രാജിനി.
മത്സരാര്‍ഥികളിലൊരാളായ രജിതിനെക്കുറിച്ച് രാജിനി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. രാജിനിക്കെതിരേ കടുത്ത വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.
''എന്റെ പരാമര്‍ശങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു. സൈബര്‍ ആക്രമണങ്ങള്‍ പരിധി കടക്കുന്നു. അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എനിക്ക് മര്യാദയ്ക്ക് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായി. എന്റെ പ്രായത്തെയെങ്കിലും ബഹുമാനിക്കണ്ടേ? അതിന് മാത്രം എന്ത് അപരാധമാണ് ഞാന്‍ ചെയ്തത്. എന്നെ മാത്രമല്ല എന്റെ ഭര്‍ത്താവിനെപ്പോലും ചിലര്‍ വെറുതെ വിടുന്നില്ല. ''
ഷോയില്‍ പങ്കെടുത്തതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് രാജിനി പറയുന്നു.
''ഇത്തരം ഷോകള്‍ക്ക് ചേര്‍ന്നൊരു മത്സരാര്‍ഥിയല്ല ഞാന്‍. ഒന്നും അറിയാതെയാണ് ഞാന്‍ അതില്‍ പങ്കെടുത്തത്. ഒരു തമാശയായി മാത്രമാണ് ഞാന്‍ അതിനെ നോക്കി കണ്ടത്. ഈ പ്രായം എന്ന് പറയുന്നത് വെറും അക്കങ്ങള്‍ മാത്രമാണ് എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാം എന്ന് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. എല്ലാം എന്റെ തെറ്റാണ്. ''
ഷോയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ രജനികാന്തിനൊപ്പം അഭിനയിക്കാനുള്ള അവസരം താന്‍ പാഴാക്കിയെന്നും രാജിനി പറഞ്ഞു.
''ഷോ തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് രജനികാന്തിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു കോള്‍ വന്നിരുന്നു. എന്നാല്‍ അതെനിക്ക് സ്വീകരിക്കാനായില്ല. അതില്‍ എനിക്ക് വലിയ കുറ്റബോധമുണ്ട്''- രാജിനി കൂട്ടിച്ചേര്‍ത്തു.
Content Highlights: Bajini chandy on Cyber attack