നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്. റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സ് സീസണ്‍ 13-ലെ പുതിയ ആശയം ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നും പരിപാടി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പരിപാടിയുടെ അവതാരകനായ സല്‍മാന്‍ ഖാന്റെ വീടിന് മുന്നിൽ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് വീടിന് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചത്.
കര്‍ണി സേനയിലെ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പരിപാടിയില്‍ അടുത്തിടെ ഉള്‍പ്പെടുത്തിയ ആശയമായിരുന്നു ബെഡ് ഫ്രണ്ട്‌സ് ഫോര്‍ എവര്‍. പരിപാടിയിലെ മത്സരാര്‍ഥികള്‍ പരസ്പരം കിടക്ക പങ്കിടുന്നതാണ് ടാസ്‌ക്. എന്നാല്‍ ഈ ആശയം ഇന്ത്യന്‍ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അതിനാല്‍ പരിപാടി നിരോധിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് താരത്തിന്റെ വസതിക്ക് പുറത്ത് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.
നേരത്തെ ബിഗ് ബോസിനെതിരേ വര്‍ഗീയ പ്രചരണം നടന്നിരുന്നു. ഷോയിലെ ഒരു ദൃശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് സമൂഹിക മാധ്യമത്തില്‍ ഒരു വിഭാഗം ഷോ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വന്നത്.
ഷോയിലെ മത്സരാര്‍ഥികളായ മാഹിറ ശര്‍മയും അസീം റിയാസും കെട്ടിപ്പുണര്‍ന്ന് ഒരു കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തിലാണ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്ന് മുസ്ലീം പുരുഷനും ഹിന്ദു വനിതയും കിടയ്ക്ക പങ്കിടുന്നത് ലൗ ജിഹാദാണെന്നും ഷോ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടനവധിപേര്‍ രംഗത്തെത്തി.
എന്നാല്‍, ഈ ചിത്രം മാഹിറ ശര്‍മയുടെയും അസീം റിയാസിന്റേതുമായിരുന്നില്ല. ബിഗ് ബോസ് മുന്‍ മത്സരാര്‍ഥികളായ സൂയാഷ് റായിയുടെയും കിഷ്വര്‍ മര്‍ച്ചന്റിന്റേതുമായിരുന്നു. ബിഗ് ബോസ് സീസന്‍ 9 ല്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. ഇരുവരും ഷോ അവസാനിച്ചതിന് ശേഷം വിവാഹിതരായി.
Content Highlights : Protest against Bigg Boss Security Tightened Outside Salman Khan's Mumbai Home