രാമായണം സീരിയലില്‍ രാമന്റെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അരുണ്‍ ഗോവില്‍. അടുത്തിടെ ദൂരദര്‍ശന്‍ സീരിയല്‍ പുനഃസംപ്രേഷണം ചെയ്തുതുടങ്ങിയപ്പോള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം താന്‍ അഭിനയിച്ച സീരിയല്‍ കാണുന്ന നടന്റ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 

അതിനു ശേഷം കൊറോണ വൈറസ് വ്യാപനത്തെ ആസ്പദമാക്കി അരുണ്‍ ഗോവില്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റിന് നടനോടു നന്ദി പറഞ്ഞ് റീട്വീറ്റും ചെയ്തു. പ്രധാനമന്ത്രി ട്വീറ്റില്‍ അരുണ്‍ ഗോവിലിന്റെ പേരിലുള്ള ഒരു അക്കൗണ്ട് ടാഗും ചെയ്തിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട നടന്‍ പ്രധാനമന്ത്രിയെ തിരുത്തി രംഗത്തുവന്നു.

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇതാണെന്നും മറ്റേത് ഏതോ വ്യാജനാണെന്നും നടന്‍ വെളിപ്പെടുത്തി.  തന്നെ ടാഗ് ചെയ്ത ട്വീറ്റിന് പ്രധാനമന്ത്രിയോട് നന്ദിയും പറഞ്ഞിട്ടുണ്ട് അരുൺ ഗോവിൽ.

ഏറ്റവുമൊടുവില്‍ ഒരു വീഡിയോ ട്വീറ്റ് ചെയ്തിരിക്കുകയാണ് നടന്‍. @realarungovil എന്ന പേരില്‍ തന്റെ ഫോട്ടോ പ്രൊഫൈല്‍ ആക്കിയിട്ടുള്ള ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടെന്നും ആര് ഉണ്ടാക്കിയതാണെന്ന് അറിയില്ലെന്നും താന്‍ ഉപയോഗിക്കുന്നത് @arungovil12 ആണെന്നും നടന്‍ വീഡിയോയിലൂടെ പറയുന്നു. നടന്റെ പേരില്‍ ഇനിയും നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്ന് ആരാധകരും പറയുന്നു.

narendra modi raman

Content Highlights : PM Modi accidently tag a fake account of Arun Govil in his tweet actor replies