ണി ഹീസ്റ്റ് നാല് സീസണുകളും കണ്ടു തീർക്കാത്തവർ തുടർന്ന് വായിക്കേണ്ടതില്ല, ഇതൊരു സ്‌പോയ്‌ലറാണ്.

ലോകം മുഴുവന്‍ ആരാധകരുള്ള സ്പാനിഷ് വെബ് സീരിസാണ് ക്രൈം ഗണത്തില്‍പ്പെട്ട മണി ഹീസ്റ്റ്. 4 ഭാഗങ്ങളായി ഇറങ്ങിയ നെറ്റ്ഫ്‌ലിക്‌സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് അലക്‌സ് റോഡ്രിഗോയാണ്. ലോക്ക് ഡൗൺ കാലത്താണ് മണി ഹീസ്റ്റ് വലിയ ചർച്ചാ വിഷയമായി മാറിയത്. ഏപ്രില്‍ 3-നാണ് സീരിസിന്റെ നാലാം സീസണ്‍ റിലീസ് ചെയ്തത്. അടുത്ത സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോള്‍.

സ്പാനിഷ് ഭാഷയിലാണ് സീരിസ് നിര്‍മിച്ചിരിക്കുന്നതെങ്കിലും എല്ലാ രാജ്യങ്ങളിലുള്ളവരും ഇപ്പോള്‍ ഷോ കാണുന്നുണ്ട്. ഇന്ത്യയിലും വലിയ വിഭാഗം പ്രേക്ഷകരാണ് സീരിസിനുള്ളത്. 

സീരിസിലെ നെെറോബി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് ആൽബ ഫ്ലോഴ്സ്. മണി ഹീസ്റ്റിലെ എല്ലാ കഥാപാത്രങ്ങളെയും പോലെ തന്നെ ആൽബ ഫ്ലോഴ്സിനും ആരാധകരുണ്ട്. സീരിസിന്റെ നാലാം സീസണിൽ നെെറോബി കൊല്ലപ്പെടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മണി ഹീസ്റ്റിലെ അണിയറ പ്രവർത്തകർ പുറത്ത് വിട്ട വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇത് തന്റെ അവസാന ദിവസമാണെന്നും തന്നെ സംബന്ധിച്ച് ഒരു വലിയ കാലഘട്ടത്തിന്റെ അവസാനമാണിതെന്നും ആൽബ ഫ്ലോഴ്സ് പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സഹതാരങ്ങളെയും അണിയറ പ്രവർത്തകരെയും കെട്ടിപ്പിടിച്ച് ഏറെ വികാരാധീനയായാണ് ആൽബ ഫ്ലോഴ്സ് സംസാരിക്കുന്നത്. 

വർഷങ്ങൾക്ക് മുൻപ് ആൽബ  ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ വേഷമിട്ടിരുന്നു. 2013 ൽ പുറത്തിറങ്ങിയ വിൻസന്റ് ഫെറർ എന്ന ചിത്രത്തിലായിരുന്നു അത്.

അനന്തപൂരിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകി അവരെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാൻ കഠിനമായി പ്രയത്നിക്കുന്ന ഷമീറ എന്ന തെലുങ്ക് അധ്യാപികയുടെ വേഷത്തിലാണ് ആൽബയെത്തിയത്. മണി ഹീസ്റ്റും നെെറോബിയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമ്പോൾ ആൽബയുടെ ആ പഴയ ചിത്രത്തിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ തരം​ഗമായിരുന്നു.

Content Highlights: Money Heist Nairobi, Alba Flores emotional video after her character's death, webseries, Netflix