കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ആലപ്പാടിന്റെ ദുരിതം. പ്രളയ സമയത്ത് കൈത്താങ്ങായി കേരളത്തില്‍ പ്രവര്‍ത്തിച്ച മല്‍സ്യത്തൊഴിലാളികള്‍ അവരുടെ ജീവനും ജീവിതത്തിനും ഭീഷണി നേരിടുകയാണ്. വര്‍ഷങ്ങള്‍ നീണ്ട കരിമണല്‍ ഖനനം കൊല്ലം ആലപ്പാട് ഗ്രാമത്തെ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.

താരങ്ങളടക്കം നിരവധി പേര്‍ ആലപ്പാടിന് വേണ്ടി ശബ്ദമുയര്‍ത്തി രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തില്‍ വ്യത്യസ്തയാവുകയാണ് സീരിയലിലൂടെ ശ്രദ്ധേയയായ ബാല താരം സോന ജലിന. പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മെഗാ സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോനയാണ്. സീരിയലില്‍ വില്ലത്തിയായാണ് അഭിനയിക്കുന്നതെങ്കിലും ഇപ്പോള്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഈ കൊച്ചു താരം.

തന്റെ പിറന്നാള്‍ ദിനത്തിലാണ് സോന തന്റെ പിന്തുണ ആലപ്പാടിന് പ്രഖ്യാപിച്ചിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ ആലപ്പാടിനായി ക്ഷേത്രത്തില്‍ ദുരിതനിവാരണ വഴിപാടാണ് സോന നടത്തിയിരിക്കുന്നത്. പലരും പ്രതികരിക്കാന്‍ പോലും മടിക്കുന്ന വിഷയത്തില്‍ ഒരു കൊച്ചു കുട്ടി ചെയ്ത നന്മ നിറഞ്ഞ പ്രവര്‍ത്തി അതെന്ത് തന്നെ ആയാലും അഭിനന്ദനാര്‍ഹമാണെന്നാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നത്.
 

sona

Content Highlights : MiniScreen Child Artist Sona Jelina Stop Mining Save Alappad Campaign Sona Jelina Serial Actress