തിരുവനന്തപുരം: 29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയലിനും പുരസ്‌കാരമില്ല. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും ജൂറി. കുടുംബപ്രേക്ഷകര്‍ കൂടുതലായും ആശ്രയിക്കുന്ന വിനോദോപാധി എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്ന് എന്‍ട്രികള്‍ വിലയിരുത്തികൊണ്ട് ജൂറി വ്യക്തമാക്കി. 

 ജൂറിക്ക് മുമ്പിലെത്തിയ ഭൂരിഭാഗം എന്‍ട്രികളും അവാര്‍ഡിന് പരിഗണിക്കാന്‍ പോലും നിലവാരമില്ലായിരുന്നുവെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അതിനാല്‍ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്‌കാരങ്ങളില്ല.

സംവിധായകന്‍ ആര്‍. ശരത് ചെയര്‍മാന്‍ ആയ ജൂറിയാണ് കഥാവിഭാഗം പുരസ്‌കാരം നിര്‍ണ്ണയിച്ചത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്, അഭിനേത്രി ലെന, സംവിധായകനും തിരക്കഥാകൃത്തുമായ സുുരേഷ് പൊതുവാള്‍, സംവിധായകന്‍ ജിത്തു കോളയാട് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയും അംഗമായിരുന്നു.

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്; റിയ ബേബിയുടെ 'ഐ ആം സുധ' മികച്ച ഡോക്യുമെന്ററി

അതേസമയം, ഇത്തവണ പ്രത്യേക ജൂറി പരാമര്‍ശം ഉള്‍പ്പെടെ 49 പേരാണ് അവാര്‍ഡിന് അര്‍ഹരായത്. കഥാവിഭാഗത്തില്‍ 21 കാറ്റഗറികളിലായി ഇരുപത് പേരും കഥേതര വിഭാഗത്തില്‍ 18 കാറ്റഗറികളിലായി 28 പേരും പുരസ്‌കാരം നേടി. രചനാവിഭാഗത്തില്‍ മികച്ച ലേഖനത്തിനുള്ള പുരസ്‌കാരം മാത്രമാണ് നല്‍കിയത്.

Content Highlights: Content Highlights: Kerala State Television awards no awards for TV serials lack of content misogyny