നെറ്റ്ഫ്‌ലിക്‌സില്‍ നിരവധി ആരാധകരുള്ള പരമ്പരയാണ് സേക്രഡ് ഗെയിംസ്. അനുരാഗ് കശ്യപ് ഒരുക്കുന്ന പരമ്പരയുടെ രണ്ടാം സീസണ്‍ ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കേട്ട് കേള്‍വി പോലുമില്ലാത്ത ഒരു പാവം പ്രവാസി മലയാളി യുവാവിന് കഴിഞ്ഞ കുറച്ച ദിവസങ്ങളായി ഉറക്കമില്ലാത്ത രാത്രികളാണ് ഈ പരമ്പര സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.

യുഎഇയിലുള്ള മലയാളി യുവാവ് കുഞ്ഞബ്ദുള്ള സി.എം.ആണ് സേക്രഡ് ഗെയിംസ് കാരണം പൊറുതിമുട്ടിയിരിക്കുന്നത്.

പരമ്പരയ്ക്കിടയില്‍ ഒരു സീനില്‍ കാണിക്കുന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രമായ സുലൈമാന്‍ ഈസയുടെ ഫോണ്‍ നമ്പറാണ് വില്ലന്‍. യുഎഇയില്‍ ഒരു ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കുഞ്ഞബ്ദുള്ളയുടേതാണ് യഥാര്‍ഥത്തില്‍ ആ നമ്പര്‍.  ഇതോടെ നേരവും കാലവും നോക്കാതെ കുഞ്ഞബ്ദുള്ളയുടെ ഫോണിലേക്ക് ദിനംപ്രതി നിരവധി കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതില്‍ പാകിസ്താനില്‍ നിന്നും നേപ്പാളില്‍ നിന്നും വരെയുള്ള കോളുകളുണ്ട്. 

' കഴിഞ്ഞ മൂന്ന് ദിവസങ്ങളായി എണ്ണമറ്റ കോളുകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. അതില്‍ ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും നേപ്പാളില്‍ നിന്നും വരെയുള്ളതുണ്ട്. എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല. ഫോണ്‍ ബെല്ലടിക്കുന്നത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്കിപ്പോള്‍ വിറയലാണ്. നമ്പര്‍ മാറ്റണം എന്നുണ്ട്, എനിക്കീ പ്രശ്‌നം ഒഴിവാക്കണം..'കുഞ്ഞബ്ദുള്ള ഗള്‍ഫ് ടൈംസിനോട് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച മാത്രം തനിക്ക് കിട്ടിയത് 30 ഫോണ്‍കോളുകളാണെന്ന് കുഞ്ഞബ്ദുള്ള പറയുന്നു. 

' ഫോണിന്റെ ബാറ്ററി തീരുകയാണ്. കഴിഞ്ഞ ഒരു മണിക്കൂറിനിടെ അഞ്ച് ഫോണ്‍ കോളുകള്‍ വന്നു. ഈസയ്ക്ക് ഫോണ്‍ കൊടുക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. ആരാണ് ഈസ. എനിക്കയാളുമായി ഒരു ബന്ധവുമില്ല. എന്താണ് ഈ സേക്രഡ് ഗെയിംസ്? വീഡിയോ ഗെയിം എങ്ങാനുമാണോ..ഞാന്‍ രാവിലെ എട്ട് മണിക്ക് ജോലിക്ക് കയറുന്നതാ. വൈകീട്ട് ഏഴിനാണ് ഇറങ്ങുന്നത്. എനിക്കതിനൊന്നും നേരമില്ല..കുഞ്ഞബ്ദുള്ള പറയുന്നു.

കുഞ്ഞബ്ദുള്ളയ്ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് നെറ്റ്ഫ്‌ലിക്‌സും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തെ കുറിച്ച് അറിഞ്ഞയുടന്‍ കുഞ്ഞബ്ദുള്ളയുടെ നമ്പര്‍ സബ്‌ടൈറ്റിലുകളില്‍ നിന്നും നീക്കം ചെയ്‌തെന്നും ബുദ്ധിമുട്ട് നേരിടേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. 

സെയ്ഫ് അലി ഖാനും നവാസുദ്ധീന്‍ സിദ്ധിക്കിയുമാണ് സേക്രഡ് ഗെയിമ്‌സിലെ പ്രധാന താരങ്ങള്‍. സിദ്ധിക്കി മുംബൈയിലെ ഗ്യാങ്സ്റ്റര്‍ തലവന്റെ കഥാപാത്രമായി എത്തുമ്പോള്‍ ഒരു സിഖ് പോലീസ് ഉദ്യോഗസ്ഥനായാണ് സെയ്ഫ് വേഷമിടുന്നത് 

Content Highlights : Kerala Man In UAE Getting Phone Calls after sacred games 2 first episode