മുംബൈ: അന്തരിച്ച ടെലിവിഷൻ താരം ദിവ്യ ഭട്നഗർ, ഭർത്താവ് ഗഗൻ ഗബ്രുവിന്റെ പീഡനത്തിന് ഇരയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സഹോദരൻ ദേവാശിഷ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ദിവ്യ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നവംബർ 26 നാണ് ദിവ്യയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയയും അമിത രക്തസമ്മർദ്ദവും മൂലം ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണമായി. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
''നവംബർ 7 ന് ദിവ്യ ഭർതൃപീഡനത്തെക്കുറിച്ച് ദിവ്യ ഒരു കുറിപ്പെഴുതി. ദിവ്യയുടെ മരണത്തിന് ശേഷം അവരുടെ കബോർഡിൽ നിന്ന് അത് കണ്ടെടുത്തിട്ടുണ്ട്. രോഗം വരുന്നതിന് തൊട്ടുമുൻപ് അവൾ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീടാണ് ആശുപത്രിയിൽ ആകുന്നത്. മനസാന്നിധ്യം കെെവിടാതെ ഇരിക്കണമെന്ന് ഞാൻ അവളോട് ആശുപത്രിയിൽ വച്ചു തന്നെ പറഞ്ഞിരുന്നു''- സഹോദരൻ പറഞ്ഞു.
ദിവ്യയുടെ സുഹൃത്തും നടിയുമായ ദേവലീനയും ഗഗൻ ഗബ്രുവിനെതിരേ രംഗത്തെത്തി. ''നിങ്ങൾ അവളുടെ ജീവിതം നരകതുല്യമാക്കി. ദിവ്യ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടു. അവളുടെ സഹോദരനും മാതാവും നിങ്ങളുമായുള്ള ബന്ധത്തിന് എതിരായിരുന്നു. എന്നിട്ടും അവൾ നിങ്ങൾക്കൊപ്പം നിന്നു. നിങ്ങളുടെ ഇടപെടൽ കാരണം നാല് വർഷത്തോളം എനിക്ക് അവളിൽ നിന്ന് അകന്ന് നിൽക്കേണ്ടി വന്നു. ഇതിനെല്ലാം നിങ്ങൾ മറുപടി പറഞ്ഞേ പറ്റൂ''- സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
Content Highlights: Divya Bhatnagar death brother against her husband Gagan Gabru abuse violence