ലോക്ക്ഡൗണ്‍ കാലത്ത്  രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം ആരംഭിച്ചതിനു പിന്നാലെ തൊണ്ണൂറുകളിലെ കുട്ടികളുടെ ഹരമായിരുന്ന ശക്തിമാനും തിരികെയെത്തുകയാണെന്ന് സൂചന. ശക്തിമാന്‍ എന്ന സൂപ്പര്‍ഹീറോ ആയി അനേക കാലം സ്‌ക്രീനില്‍ തിളങ്ങിയ സാക്ഷാല്‍ മുകേഷ് ഖന്ന തന്നെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. 

'ഇന്ത്യയിലെ 135 കോടി ജനങ്ങള്‍ക്ക് അവരുടെ വീടുകളിലിരുന്ന് പഴയ ടെലിവിഷന്‍ പരമ്പരകള്‍ ആസ്വദിക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. നിങ്ങളോട് വലിയൊരു സന്തോഷവാര്‍ത്ത കൂടി അറിയിക്കട്ടെ. ശക്തിമാനും അധികം വൈകാതെ നിങ്ങള്‍ക്കരികിലെത്തും. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കൂ' ട്വിറ്ററിലൂടെ പങ്കുവെച്ച ഒരു വീഡിയോയില്‍ മുകേഷ് ഖന്ന പറഞ്ഞു.

1997 മുതല്‍ 2005 വരെയാണ് ശക്തിമാന്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തിരുന്നത്. വ്യത്യസ്തഭാഷകളിലായി നിരവധി ചാനലുകളില്‍ സീരിയല്‍ പ്രക്ഷേപണം ചെയ്തിരുന്നു.

രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ പഴയ ടെലിസീരിയലുകള്‍ വീണ്ടും കാണണമെന്ന ആവശ്യം നിരന്തരം സോഷ്യല്‍മീഡിയയിലൂടെ ഉന്നയിച്ചിരുന്നു. അതനുസരിച്ച് പുരാണ സീരിയലുകളായ രാമായണം, മഹാഭാരതം എന്നിവ പുനഃപ്രക്ഷേപണം ആരംഭിച്ചിരുന്നു. കൂടാതെ ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തിലെത്തിയിയ സര്‍ക്കസ്, ഷെര്‍ലക് ഹോംസിന്റെ ഇന്ത്യന്‍ പതിപ്പായിരുന്ന ബ്യോംകേഷ് ബക്ഷി തുടങ്ങിയവയും ഇപ്പോള്‍ ടെലിവിഷനില്‍ വീണ്ടും കാണാം.

Content Highlights : corona virus lock down doordarshan is planning to retelecast shakthiman serial hint by mukesh khanna