ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ രണ്ടാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരിരുന്നു. പരിപാടിയിലെ മത്സരാര്‍ഥികളായി നിരവധി താരങ്ങളുടെ പേരുകളും ഉയര്‍ന്നു കേട്ടു. 

നടിയും അവതാരകയുമായ ആര്യ, നടി സനുഷ, പഠനത്തിനിടെ മത്സ്യം വിറ്റ് ഉപജീവനത്തിന് വഴി കണ്ടെത്തുന്ന ഹനാന്‍, നടി മാലാ പാര്‍വതി, ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിവാദത്തിലായ രഹ്ന ഫാത്തിമ തുടങ്ങിയവര്‍ മത്സരാര്‍ഥികളായി എത്തുമെന്നായിരുന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തത് .

എന്നാല്‍, ഈ വാര്‍ത്ത സത്യമല്ലെന്നും തന്നെ ആരും ഷോയ്ക്കായി സമീപിച്ചിട്ടില്ലെന്നും വ്യക്തമാക്കി മാലാ പാര്‍വതി രംഗത്ത് വന്നിരുന്നു. സനുഷയും ഈ വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചിരുന്നു. 

ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ. ഇന്ന് വരെ ബിഗ് ബോസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായി ഒരു ക്ഷണവും വന്നിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇതു സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ആര്യ വ്യക്തമാക്കി.

big boss

"എല്ലാവരും അറിയുന്നതിനായി...ഇന്ന് വരെ ബിഗ് ബോസ്സില്‍ നിന്നും ഔദ്യോഗികമായി ആരും എന്നെ സമീപിച്ചിട്ടില്ല. ഷോയുടെ അടുത്ത സീസണില്‍ ഞാന്‍ പങ്കെടുക്കാൻ തീരുമാനിച്ചിട്ടില്ല. ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകള്‍ എല്ലാം വ്യാജമാണ്. എനിക്കതിനെക്കുറിച്ച് ഒരു അറിവുമില്ല"-ആര്യ കുറിച്ചു. 

Content Highlights : big boss malayalam season 2 arya reveals truth Maala Parvathi sanusha rehna fathima hanan mohanlal