ലയാളത്തില്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പതിനാറ് മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോയില്‍ ഇനി അവശേഷിക്കുന്നത് ആറ് പേര്‍ മാത്രമാണ്.  മലയാളം ബിഗ് ബോസ് സീസണ്‍ വണ്ണിന്റെ ജേതാവായി സാബുമോനെ തിരഞ്ഞെടുക്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും അവതാരകയും നര്‍ത്തകിയുമായ അര്‍ച്ചന സുശീലന്‍. ഷോയില്‍ നിന്നും അവസാനം പുറത്തായ മത്സരാര്‍ഥിയാണ് അര്‍ച്ചന. എലിമിനേഷന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ അര്‍ച്ചന ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സാബുവിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി രംഗത്ത് വന്നത്. സാബു ഷോയിലെ ശക്തനായ മത്സരാര്‍ത്ഥിയാണെന്നും അദ്ദേഹം ബിഗ് ബോസ് ടൈറ്റില്‍ ജയിക്കാന്‍ അര്‍ഹനാണെന്നും അര്‍ച്ചന ലൈവില്‍ പറഞ്ഞു.

അര്‍ച്ചനയുടെ വാക്കുകള്‍: 

എന്റെ സഹോദരന്‍ സാബു ചേട്ടന്‍ തന്നെ ജയിക്കണം എന്നാണ് എന്റെ അഭ്യര്‍ഥന. കാരണം, അദ്ദേഹം അതിന് അര്‍ഹനാണ്. എന്റെ ഫേവറിറ്റ് ആരാണെന്ന് ചോദിച്ചാല്‍ അത് സാബു ചേട്ടനാണ്, എന്നും. അത് ഇപ്പോള്‍ മാത്രമല്ല, ലാല്‍ സാര്‍ മുമ്പ് ആരാണ് ബിഗ് ബോസ് ടൈറ്റില്‍ ജയിക്കാന്‍ അര്‍ഹനെന്ന് ചോദിച്ചപ്പോള്‍ അന്ന് മുതല്‍ ഞാന്‍ പറഞ്ഞു വരുന്ന പേരാണ് സാബു ചേട്ടന്റേത്. അദ്ദേഹം അത് ശരിക്കും അര്‍ഹനാണ്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ അത് അസാധ്യമാണ്. ആ വീട്ടിലെ സ്‌ട്രോങ്ങ് മത്സരാര്‍ഥി പേളിയും സാബു ചേട്ടനുമാണ്. പക്ഷേ ഒരു സഹോദരി എന്ന നിലയ്ക്ക് എന്റെ ചേട്ടന്‍ ജയിക്കണമെന്നുണ്ട്. അര്‍ച്ചന പറഞ്ഞു.

തിരുവനന്തപുരത്തെത്തിയ അര്‍ച്ചനയെ സ്വീകരിക്കാന്‍ അര്‍ച്ചനയുടെ സഹോദരി കല്‍പന സുശീലനും സഹോദരനും സുഹൃത്തുകളും ബിഗ് ബോസ്സിലെ മുന്‍ മത്സരാര്‍ഥി ദിയ സനയും എത്തിയിരുന്നു .ഇത്ര നാളും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും അര്‍ച്ചന നന്ദി പറഞ്ഞു. താന്‍ പുറത്തായതിനാന്‍ ഇനി ഷോ കാണില്ല എന്ന് പറഞ്ഞ ആരാധകര്‍ക്കും അര്‍ച്ചന മറുപടി നല്‍കി. 'ഞാന്‍ പുറത്തായി എന്ന് കരുതി ഒരിക്കലും പരിപാടി കാണാതിരിക്കരുത്. ഫിനാലെ വരുന്നുണ്ട് അതില്‍ വലിയ സര്‍പ്രൈസുകള്‍ ഒക്കെയുണ്ട് അത് കാണണം'- അര്‍ച്ചന പറഞ്ഞു

സാബുമോന്‍, പേര്‍ളി മാണി, അരിസ്റ്റോ സുരേഷ്, ശ്രീനിഷ്, ഷിയാസ്, അദിഥി എന്നിവരാണ് ഷോയില്‍ അവശേഷിക്കുന്ന മത്സരാര്‍ഥികള്‍.

Content Highlights: big boss malayalam sabu mon archana suseelan mohanlal big boss malayalam contestants finale