കേരളം ചര്‍ച്ച ചെയ്യുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസും നടന്‍ സാബുമോനും തമ്മിലുള്ള സൗഹൃദം. ഷോയില്‍ വരുന്നതിന് മുന്‍പ് രഞ്ജിനിയെ സാബു സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതും അതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും വാര്‍ത്തയായിരുന്നു. ഷോയില്‍ വന്നതിന് ശേഷം ഈ വിഷയത്തില്‍ രഞ്ജിനിയോട് മാപ്പ് പറയില്ല എന്നുള്ള സാബുവിന്റെ നിലപാടും ശ്രദ്ധിക്കപ്പട്ടിരുന്നു.

എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ ഉടലെടുത്ത സൗഹൃദത്തെ അത്ഭുതത്തോടെയാണ് പ്രേക്ഷകര്‍ കണ്ടത്. എലിമിനേഷനിലൂടെ പുറത്തുപോകുന്ന സമയത്ത് രഞ്ജിനി പ്രേക്ഷകരോട് പറഞ്ഞത് താന്‍ തന്നെയാണ് സാബു എന്നായിരുന്നു. അതുപോലെ സാബു ജീവിതകാലം മുഴുവന്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കുമെന്നും രഞ്ജിനി ഒരിക്കല്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി മനസ് തുറക്കുകയാണ് സാബുവുമായുള്ള സൗഹൃദത്തെക്കുറിച്ച്. 

രഞ്ജിനിയുടെ വാക്കുകള്‍

'ഞാന്‍ തന്നെയാണ് സാബു എന്ന് ഞാന്‍ പറഞ്ഞത് അതിശയോക്തിയല്ല. സാബുവിനെ അടുത്തറിഞ്ഞപ്പോള്‍ അങ്ങനെ തോന്നി. ബിഗ് ബോസിന് പുറത്തുള്ള സാബുവിനെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്ന പോലെ എനിക്കും അറിയാം. എന്നെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലാത്ത സാബുവാണ് അത്. എന്നാല്‍ ബിഗ് ബോസിനകത്തെ സാബുമോന്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. എല്ലാവരുമായും സാബുവിന് ബന്ധമുണ്ട്. സാബു എല്ലാവരുടെയും കംഫര്‍ട്ട് സോണ്‍ ആണ്. എല്ലാവരെയും നന്നായി കെയര്‍ ചെയ്യും, മറ്റുള്ളവരുടെ ഇമോഷനുകള്‍ക്ക് വില നല്‍കും അതൊക്കയാവാം കാരണം. 

എല്ലാ കാര്യങ്ങളിലും ക്ലാരിറ്റിയുള്ള വ്യക്തിയാണ് സാബു.  അങ്ങനെയുള്ളവര്‍ കുറവാണ്. തെറ്റായാലും ശരിയായാലും എന്തിലും സാബുവിന് കൃത്യമായ അഭിപ്രായവും നിലപാടുമുണ്ട്. വെറുതെ ആരെയും വേദനിപ്പിക്കില്ല. എന്നാല്‍ ചിലപ്പോള്‍ ഇതേ സാബു അവിടെ ചിലരെ ചൊറിയുന്നതും കാണാം. അതിനും സാബുവിന്  സാബുവിന്റേതായ കാരണങ്ങളുണ്ട്.  ഞാനും ഇങ്ങനൊക്കെ തന്നെയാണ് എന്നെനിക്ക് തോന്നുന്നു. വെറുതെ ആരെയും ഞാന്‍ അങ്ങോട്ട് കയറി ചൊറിയില്ല. അങ്ങോട്ട് പോയി സംസാരിക്കില്ല. എന്നാല്‍ ഇങ്ങോട്ട് വന്നു കഴിഞ്ഞാല്‍ വെറുതെ വിടുകയുമില്ല. പൊതുവെ മനുഷ്യര്‍ക്ക് അറിയാവുന്ന രഞ്ജിനി, എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോള്‍ അതില്‍ പ്രതികരിക്കുന്ന രഞ്ജിനി ആണ്.. രഞ്ജിനി എല്ലാപ്പോഴും അങ്ങനെയല്ല. 

എന്റെ രണ്ടാം വരവില്‍ ഞാന്‍ വളരെ ശാന്തയായിരുന്നുവെന്നും സാബുവിന്റെ കൂടെയായിരുന്നുവെന്നും നിങ്ങള്‍ക്ക് തോന്നുന്നതിന്റെ കാരണം അങ്ങനൊരു രഞ്ജിനിയും എന്റെ ഉള്ളില്‍ ഉണ്ട് എന്നതാണ്. ഞാന്‍ എപ്പോഴും വഴക്കാളിയല്ല. സാബുവുമായുള്ള ആ ബന്ധം എന്നെ കംഫര്‍ട്ട് ചെയ്തു എന്നത് തന്നെയാണ് സത്യം. ഞാന്‍ ശാന്തയായി മാറിയിട്ടുണ്ടാവാം. എനിക്ക് വന്ന ആ മാറ്റം എനിക്ക് തന്നെ അറിയുന്നുണ്ടായിരുന്നു. കളിയില്‍ ജയിക്കാന്‍ ഞാന്‍ മനഃപൂര്‍വം അങ്ങനെ ആയതൊന്നുമല്ല. അതൊരു സ്വാഭാവികമായ മാറ്റമാണ്. 

ഒരു വീട്ടില്‍ യാതൊരു ബാഹ്യ ബന്ധങ്ങളുമില്ലാതെ, കുറേ അപരിചിതരുടെ കൂടെ പൂട്ടിയിടുമ്പോള്‍ നമുക്കുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ സങ്കല്‍പിക്കുന്നതിലും അപ്പുറമാണ്. എത്ര കാമറ ഉണ്ടെന്നറിഞ്ഞിട്ടും കാര്യമില്ല , ഒരു പരിധിയില്‍ കൂടുതല്‍ അഭിനയിക്കാന്‍ കഴിയില്ല. ആദ്യത്തെ മൂന്നാഴ്ചയൊക്കെ മനുഷ്യര്‍ കോണ്‍ഷ്യസ് ആയിരുന്നിരിക്കാം, അഭിനയിച്ചിട്ടുണ്ടാവാം. എന്നാല്‍ അതിനു ശേഷം ഓരോരുത്തരും കാണിക്കുന്നതാണ് അവരുടെ യഥാര്‍ത്ഥ സ്വഭാവം. കുറച്ചു ദിവസം കഴിയുമ്പോള്‍ മനുഷ്യര്‍ക്ക് പലവിധ ഇമോഷനുകള്‍ ഉണ്ടാകും. ഒരേ വേവ് ലെങ്ത് ഉള്ളവരുമായി ബന്ധമുണ്ടാകും. ആദ്യം ഞാനും ശ്വേതയുമായി ഒരടുപ്പമുണ്ടായി. പിന്നീട് ഞാനും ശ്വേതയും സാബുവും തമ്മിലായി അടുപ്പം. ശ്വേത പോയതോടെ സ്വാഭാവികമായും ഞാനും സാബുവും കൂടുതല്‍ കൂട്ടായി. 

എല്ലാ മനുഷ്യര്‍ക്കും വാല്യൂ നല്‍കുന്ന ഒരു വ്യക്തിയാണ് സാബു. വളരെ നല്ലൊരു ബന്ധം സാബുവുമായി ഉണ്ടായി. സാബു ഇതേപോലെ തുടര്‍ന്നാല്‍ ആ ബന്ധവും തുടരും. നമുക്ക് കേട്ടുകേള്‍വിയുള്ള തരികിട സാബുവായി അദ്ദേഹം മാറിയാല്‍ ഞാനും കച്ചറ രഞ്ജിനിയാവും. അത്രയേയുള്ളൂ. വീടിനു പുറത്തെ സാബുവിനെ ഞാന്‍ മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന് തന്നെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസിനകത്തെ സാബു ഫെമിനിസ്റ്റ് ആണെന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. 

Content Highlights : Big boss malayalam ranjini haridas sabu friendshi big boss contestants mohanlal ranjini and sabu