റിയാലിറ്റി ഷോ ബിഗ് ബോസ് അവസാന ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. പതിനാറ് മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോയില്‍ ഇനി അവസാനിക്കുന്ന ഫൈനലിസ്റ്റുകള്‍ അഞ്ച് പേര്‍ മാത്രമാണ്. ഹൗസിനകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രണയ ജോഡികളായ ശ്രീനിഷും പേളിയും ഫൈനലിസ്റ്റുകളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുമുണ്ട്. 

തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം ചെയ്യാന്‍ താല്‍പര്യപെടുന്നുവെന്നും അവതാരകനായ മോഹന്‍ലാലിനോട് തുറന്ന് പറഞ്ഞ നാള്‍ മുതല്‍ ഇരുവരുടെയും ആരാധകര്‍ പിന്തുണയുമായി രംഗത്ത് വന്നിരുന്നു. പേളിഷ് ആര്‍മി എന്ന പേരില്‍ ഫാന്‍സ് അസോസിയേഷനുകളും സജീവമായി. എങ്കിലും ഈ പ്രണയം കള്ളത്തരമാണെന്നും ഷോയടക്കം പരിപാടിയില്‍ നടക്കുന്നതെല്ലാം സ്‌ക്രിപ്റ്റഡ് ആണെന്ന വാദവും ഒരു വിഭാഗം പ്രേക്ഷകര്‍ ഉന്നയിച്ചിരുന്നു. പേളിയുടെ ഈ തീരുമാനം വിശ്വസിക്കാനാകുന്നില്ലെന്നും അത് തങ്ങളുടെ കുടുംബത്തെ വല്ലാതെ ബാധിച്ചുവെന്നും പേളിയുടെ അച്ഛന്‍ മാണി പോളും ചില മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

എന്നാല്‍, കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ ഉടലെടുത്ത സൗന്ദര്യ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പേളി തന്നെ അവഗണിക്കുന്നതായി തോന്നുവെന്നും മനഃപൂര്‍വ്വം ഒഴിവാക്കുകയാണ് എന്നും ശ്രീനിഷ് സഹ മത്സരാര്‍ത്ഥിയായ ഷിയാസിനോട് പരാതി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തങ്ങള്‍ക്കിടയിലെ കാര്യങ്ങള്‍ മൂന്നാമതൊരാളെ അറിയിച്ച അമര്‍ഷം രൂക്ഷമായ വഴക്കിലേക്കെത്തുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് പ്രണയത്തിന്റെ ആദ്യ ദിനങ്ങളില്‍ ശ്രീനിഷ് പേളിക്ക് നല്‍കിയ മോതിരം പേളി ഊരി നല്‍കിയതോടെ ഇരുവരും വേര്‍പിരിയുകയുയാണെന്ന വാദം ശക്തമാകുകയാണ്. ശ്രീനിഷ് കാരണം തനിക്ക് കരയാനുള്ള അവസരങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്നും പ്രണയത്തില്‍ വാക്കിന് വലിയ സ്ഥാനമുണ്ടെന്നും വിശ്വാസമാണ് ബന്ധങ്ങളില്‍ പ്രധാനമെന്നും പറഞ്ഞ പേളി തനിക്കാണ് തെറ്റ് പറ്റിയതെന്നും തന്നോട് ക്ഷമിക്കണം മോതിരം തിരികെ സ്വീകരിക്കണം എന്നും ശ്രീനിഷിനെ അറിയിക്കുകയായിരുന്നു.

ഇതോടെ ആരാധകര്‍ പേളിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. പ്രണയബന്ധം കളിയില്‍ പിടിച്ചു നില്‍ക്കാനുള്ള അടവ് മാത്രമായിരുന്നുവെന്നും ജയിക്കാന്‍ വേണ്ടി ആണെങ്കില്‍ പോലും ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും എലിമിനേഷന്‍ ഇനി ഉണ്ടാകില്ല എന്നറിഞ്ഞത് കൊണ്ടാണ് ഈ ബന്ധം അവസാനിപ്പിക്കാന്‍ പേളി ശ്രമിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.

സാബു, ഷിയാസ്, അരിസ്റ്റോ സുരേഷ് എന്നിവരാണ് പേളിയെയും ശ്രീനിഷിനെയും കൂടാതെ പൗസില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ വിജയിയെ അറിയാന്‍ ഇനി വെറും ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്.

Content Highlights : Big Boss Malayalam pearly maaney srinish love affair wedding pearly srinish breakup