പേളി- ശ്രീനിഷ് പ്രണയമാണ് റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും അവതാരകനായ മോഹന്‍ലാലിനോട് തുറന്നു പറഞ്ഞതോടെ പിന്തുണയായി എത്തിയിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഈ പ്രണയം കള്ളത്തരമാണെന്നും ഷോയടക്കം പരിപാടിയില്‍ നടക്കുന്നതെല്ലാം സ്‌ക്രിപ്റ്റഡ് ആണെന്ന വാദവും ഒരു വിഭാഗം പ്രേക്ഷകര്‍ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കള്‍ ഇവരുടെ പ്രണയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 

പേളി ഇത്ര തിടുക്കപ്പെട്ട് തീരുമാനമെടുത്തത് എന്താണെന്ന് അറിയില്ലെന്നും ആ തീരുമാനം തങ്ങളുടെ കുടുംബത്തെ ബാധിച്ചുവെന്നും പേളിയുടെ അച്ഛന്‍ മാണി പോള്‍ പ്രതികരിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാണി പോളിന്റെ വാക്കുകള്‍ 

'ഒരച്ഛനെന്ന നിലയില്‍ പേളി എനിക്കെന്നും കൊച്ചുകുട്ടിയാണ്. പക്ഷേ ഒരാണിനെ മനസ്സിലാകാതിരിക്കാന്‍ മാത്രം ചെറിയ കുട്ടിയോ ഒന്നും അല്ല അവള്‍. അവള്‍ക്കറിയാം ഒരു നല്ല പുരുഷനെ തിരഞ്ഞെടുക്കാന്‍. അത് കൊണ്ട് തന്നെ പത്തോ ഇരുപതോ ദിവസം മാത്രം പരിചയമുള്ള ഒരാളെ അവള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അവളുടെ ഈ തീരുമാനത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സങ്കടമുണ്ട്. ഞങ്ങളുടെ ഫാമിലിയെ അത് വല്ലാതെ ബാധിച്ചു. അവള്‍ ഗെയിം കളിക്കുകയാണോ എന്ന് എനിക്കറിയില്ല. മാണി പോള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം ശ്രീനിഷിന്റെ മുന്‍ കാമുകിയുടേതെന്ന പേരിലും പ്രതികരണങ്ങള്‍ പ്രചരിക്കുന്നുണ്ട്. ശ്രീനിഷിനെ ഇനി തന്റെ ജീവിതത്തില്‍ വേണ്ട എന്ന നിലപാടാണ് പെണ്‍കുട്ടി എടുത്തിരിക്കുന്നതെന്ന് ഇവരുടെ അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് ശ്രീനിഷും ഈ പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇരുവരുടെയും വീട്ടുകാര്‍ക്കും ഇതറിയാമായിരുന്നുവെന്നും പറയുന്നു.

അവതാരകയായും നടിയായും പ്രശസ്തയായ താരമാണ് പേളി മാണി, മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയാണ് ശ്രീനിഷ് അരവിന്ദ് ശ്രദ്ധിക്കപ്പെടുന്നത്.

 Big Boss Malayalam pearly maaney srinish love affair wedding pearly father reaction