നാടകീയ രംഗങ്ങള്‍ക്ക് വേദിയാകുന്ന റിയാലിറ്റി ഷോ ബിഗ് ബോസില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു പ്രണയമാണ്. തങ്ങള്‍ പ്രണയത്തിലാണെന്ന് പേളിയും ശ്രീനിഷും അവതാരകനായ മോഹന്‍ലാലിനോട് തുറന്നു പറഞ്ഞു. കഴിഞ്ഞ എലിമിനേഷന്‍ റൗണ്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബിഗ് ബോസ് തുടങ്ങിയ നാള് മുതല്‍ പേളിയും ശ്രീനിഷും തമ്മിലുള്ള ബന്ധം ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും മറുപടി നല്കാന്‍ പേളിയോ ശ്രീനിഷോ തയ്യാറായിരുന്നില്ല. 

ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ സത്യം വെളിപ്പെടുത്താന്‍ ഇരുവരോടും ആവശ്യപ്പെട്ടത്. തങ്ങള്‍ക്ക് പരസ്പരം ഇഷ്ടമെന്ന് പേളിയും ശ്രീനിഷും മോഹന്‍ലാലിനോട് തുറന്നു പറഞ്ഞു. തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്നും ബാക്കിയുള്ള ജീവിതം ശ്രീനിഷിനോടൊപ്പം ചിലവഴിക്കണമെന്നും തന്റെ മമ്മിയോട് മോഹന്‍ലാല്‍ സംസാരിക്കണമെന്നും പേളി ആവശ്യപ്പെട്ടു. തനിക്കും അത് തന്നെയാണ് ആഗ്രഹമെന്നും രക്ഷിതാക്കളോട് സംസാരിക്കണമെന്നും ശ്രീനിഷും ആവശ്യപ്പെട്ടു.  വീട്ടുകാര്‍ സമ്മതിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇരുവരും പറഞ്ഞു. 

രക്ഷിതാക്കളെ ഹൗസില്‍ എത്തിച്ച് സംസാരിക്കാന്‍ അവസരമൊരുക്കാമെന്നും ഇരുവര്‍ക്കും നല്ല ഭാവി നേരുന്നുവെന്നു മോഹന്‍ലാല്‍ പേളിയേയും ശ്രീനിഷിനേയും അറിയിച്ചു. ബിഗ് ബോസ് ഹൗസില്‍ വച്ച് മോതിരം മാറ്റം നടത്തണമെന്ന് ഒരു വിഭാഗം മത്സരാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ജീവിതമാണ് ചിന്തിച്ചേ തീരുമാനമെടുക്കാവൂ എന്നായിരുന്നു  മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. 

Content Highlights : Big Boss Malayalam pearly  maaney srinish love affair wedding mohanlal contestants pearly srinish