നാടകീയവും ആകാംഷ നിറഞ്ഞതുമായ മുഹൂര്‍ത്തങ്ങളുമായി മലയാളത്തിലെ  റിയാലിറ്റി ഷോ ബിഗ് ബോസ്  അമ്പത് എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. നാല് പേര്‍ നോമിനേറ്റ് ചെയ്യപ്പെട്ട എലിമിനേഷന്‍ പ്രക്രിയയില്‍ ആരെയും പുറത്താക്കാതെയായിരുന്നു അന്‍പതാം ദിവസം ആഘോഷിച്ചത്. എന്നാല്‍, പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് നേരത്തെ പരിപാടിയില്‍ നിന്നും പുറത്തായ ഹിമ ശങ്കര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീണ്ടും ഹൗസിലേക്ക് തിരിച്ചു വന്നു. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് ഹിമയെ ഷോയിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കി. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഇടയ്ക്കു വച്ച് പുറത്ത് പോകേണ്ടി വന്ന ട്രാന്‍സ്‌ജെന്‍ഡറും നടിയുമായ അഞ്ജലി അമീറിന് പകരമാണ് ഹിമ ഷോയിലേക്ക് തിരിച്ചെത്തിയത്. 

പുറത്തു പോയതിന്റെ അനുഭവങ്ങള്‍ ഹിമ പ്രേക്ഷകരുമായി പങ്കു വയ്ക്കുകയും ചെയ്തു. പുതിയ ചിറകുമായി വന്ന കഴുകനാണ് താനെന്നായിരുന്നു ഹിമയ്ക്ക് പറയാനുണ്ടായിരുന്നത്. പുറത്തു പോയത് ഒരു തരത്തില്‍ നന്നായെന്നും പുറം ലോകത്ത് യഥാര്‍ത്ഥത്തില്‍ നടക്കുന്നത് എന്താണെന്ന് അറിയാന്‍ കഴിഞ്ഞെന്നും ഹിമ പറഞ്ഞു. തനിക്ക് സ്വയം പ്രതിഫലിപ്പിക്കാന്‍ നേരത്തെ ബിഗ് ബോസ്സില്‍ സാധിച്ചിരുന്നില്ലെന്നും  ഇപ്പോള്‍ തന്റെ ബലഹീനതകള്‍ തിരിച്ചറിയാനായെന്നും ഹിമ പറഞ്ഞു. തനിക്ക് സംഭവവിച്ച വീഴ്ചകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരികെ വന്നിട്ടുള്ളതെന്നും പുതിയ ചിറകുമായെത്തില്‍യ കഴുകനാണ് താനെന്നും ഹിമ വ്യക്തമാക്കി. തനിക്ക് ലഭിച്ച പ്രേക്ഷക പിന്തുണയെകുറിച്ചും ഹിമ പറഞ്ഞു. 

പുറത്തുപോയതിന് ശേഷമുള്ള കാര്യത്തെക്കുറിച്ച് ഒന്നും പറയരുതെന്ന കര്‍ശന നിബന്ധനയോടു കൂടിയാണ് ഹിമയെ വീട്ടിനകത്തേക്ക് അയച്ചത്. ഹിമ എന്ന വ്യക്തിയെ അടയാളപ്പെടുത്തുന്ന ഒരിടം തനിക്ക് ബിഗ് ബോസ്സില്‍ ലഭിച്ചില്ലെന്ന് ഹിമ പുറത്തു പോയ സമയത്ത് പറഞ്ഞിരുന്നു. കൃത്യമായി സംസാരിക്കുകയും പറയുകയും ചെയ്യുന്ന ആളാണ് താനെന്നും പക്ഷേ ഇതൊന്നും പ്രേക്ഷകര്‍ക്ക്  മുന്നില്‍ വന്നില്ലെന്നും ഹിമ കുറ്റപ്പെടുത്തിയിരുന്നു.

പതിനാറ് മത്സരാര്‍ഥികളുമായി തുടങ്ങിയ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രയിലൂടെ മടങ്ങി വന്ന ഹിമയും പാതിയില്‍ ഷോയിലേക്ക് വന്ന ഷിയാസ് കരീമുമുള്‍പ്പടെ 11 പേരാണ് അവശേഷിക്കുന്നത്. രഞ്ജിനി ഹരിദാസ്, സാബുമോന്‍, അനൂപ് ചന്ദ്രന്‍, പേളി മാണി, ശ്രീനിഷ്, ബഷീര്‍ ബാഷി, അരിസ്റ്റോ സുരേഷ്,അര്‍ച്ചന സുശീലന്‍, അഥിതി റായ് എന്നിവരാണ് മറ്റുള്ളവര്‍. 

  Content Highlights : Big Boss Malayalam hima shankar back to house wild card entry big boss mohanlal hima contestants