മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന് തിരശീല വീണിരിക്കുകയാണ്. പതിനാറ് മത്സരാര്‍ഥികളുമായി ആരംഭിച്ച ഷോയില്‍ ആഴ്ച്ചതോറുമുള്ള എലിമിനേഷനുകളെ നേരിട്ട് നൂറ് ദിനങ്ങള്‍ പോരാടി വന്‍ പ്രേക്ഷക പിന്തുണയോടെ ബിഗ് ബോസ് കിരീടം അണിഞ്ഞത് നടനും അവതാരകനുമായ സാബുമോന്‍ ആണ്. നേരത്തെ പുറത്തായ മത്സരാര്‍ഥികളും സാബു കിരീടമണിയുന്നതിന് സാക്ഷിയാകാന്‍ ഫിനാലെ വേദിയില്‍ എത്തിയിരുന്നു.

എന്നാല്‍, ബിഗ് ബോസിന്റെ തുടക്കത്തില്‍ ശക്തയായ മത്സരാര്‍ഥിയായി മുന്നിട്ടുനിന്ന നടി ശ്വേത മേനോന്റെ അഭാവം ഗ്രാന്‍ഡ് ഫിനാലെയില്‍ പലരും ശ്രദ്ധിച്ച ഘടകമാണ്. താന്‍ ഫിനാലെയില്‍ പങ്കെടുക്കാന്‍ വരാതിരുന്നത് അസൂയകൊണ്ടോ സാബുവിനോടുള്ള വിരോധം കൊണ്ടോ അല്ലെന്ന് പറയുകയാണ് ശ്വേത. ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ നല്‍കിയ അഭിമുഖത്തിലാണ് ശ്വേത മനസ്സ് തുറന്നത്. അച്ഛന്‍ മരിച്ചതിനാലാണ് താന്‍ വരാതിരുന്നതെന്നും സാബു തന്നെയാണ് വിജയി ആകാന്‍ യോഗ്യനെന്നും ശ്വേത പറയുന്നു.

ശ്വേതയുടെ വാക്കുകള്‍ 

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഞാന്‍ എത്താതിരുന്നതിന് കാരണമുണ്ട്. എനിക്ക് അസൂയയാണ്, അതുകൊണ്ടാണ് ഞാന്‍ വരാത്തത് എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടു. പക്ഷേ എന്നെ അറിയുന്നവര്‍ക്ക് അറിയാം, അങ്ങനെയുള്ള ആളല്ല ഞാനെന്ന്. എന്റെ ഏറ്റവും വലിയ ബിഗ് ബോസ് പോയി. വീട്ടില്‍ ഒറ്റക്കുട്ടിയാണ് ഞാന്‍. അച്ഛന്‍ മരിച്ചതിനാലാണ് വരാതിരുന്നത്.   

സാബു തന്നെയാണ് ബിഗ് ബോസില്‍ വിജയി ആകേണ്ടിയിരുന്നത്. തുടക്കം മുതല്‍ അവസാനം വരെ ഒരുപോലെ നിന്ന ആളാണ് സാബു. മനുഷ്യത്വപരമായ പെരുമാറ്റമാണ് സാബുവില്‍ നിന്നും ഉണ്ടായിരുന്നത്. എല്ലാവരുടെയും ഒപ്പം നില്‍ക്കുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്ത വ്യക്തിയാണ് അദ്ദഹം. എല്ലാകാര്യങ്ങളെക്കുറിച്ചും സാബുവിന് നല്ല ധാരണ ഉണ്ടായിരുന്നു. വലിയ സ്റ്റാര്‍ ആയാണ് അദ്ദഹം പുറത്തു വരുന്നത്. സാബുവിനെ അല്ലാതെ മറ്റാരെയെങ്കിലും ആണ് തിരഞ്ഞെടുത്തതെങ്കില്‍ എനിക്ക് ബിഗ് ബോസ് ബ്രാന്‍ഡില്‍ ഉള്ള വിശ്വാസം പോയേനെ. എന്തായാലും ആ വിശ്വാസ്യത നിലനിര്‍ത്തി.

Content Highlights : big boss malayalam grand finale sabumon winner big boss swetha menon absence in finale