ബിഗ് ബോസ് മലയാളം അന്തിമഘട്ടത്തിലേക്ക് കടന്നു. അവശേഷിക്കുന്ന അഞ്ചു മത്സരാര്‍ത്ഥികളില്‍ വിജയി ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. സാബു മോന്‍, പേളി മാണി, അരിസ്‌റ്റോ സുരേഷ്, ശ്രീനിഷ് അരവിന്ദ്, ഷിയാസ് കരീം എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഞായറാഴ്ച രാത്രി 7 മണിക്ക് അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യും. മോഹന്‍ലാലാണ് ഷോയുടെ അവതാരകന്‍.
പ്രേക്ഷകരുടെ വോട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക. വോട്ടു ചെയ്യാനുള്ള അവസരം ശനിയാഴ്ച അര്‍ധരാത്രിയോടു കൂടി അവസാനിച്ചു. ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയ മത്സരാര്‍ത്ഥികളെല്ലാം അവസാന എപ്പിസോഡില്‍ പങ്കെടുക്കുന്നുണ്ട്.
ടെലിവിഷന്‍ അവതാരകയും നടിയുമായ പേളിയും അവതാരകനായ സാബു മോനും തമ്മില്‍ കടുത്ത മത്സരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡല്‍ ഷിയാസ് കരീമിനും ശക്തമായ പ്രേക്ഷക പിന്തുണയുണ്ട്. മത്സരാര്‍ത്ഥികള്‍ക്കു വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരുന്നു. പേളിക്ക് വേണ്ടി പി.ആര്‍ ഏജന്‍സി രംഗത്തിറങ്ങിയെന്ന ആരോപണങ്ങളും ശക്തമാണ്.
ഹൗസിനകത്തെ ശ്രീനിഷ്-പേളി പ്രണയം വലിയ ചര്‍ച്ചയായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം ചെയ്യാന്‍ താല്‍പര്യപെടുന്നുവെന്നും അവതാരകനായ മോഹന്‍ലാലിനോട് തുറന്ന് പറഞ്ഞ നാള്‍ മുതല്‍ ഇരുവരുടെയും ആരാധകര്‍ പിന്തുണയുമായി രംഗത്ത് വന്നിരുന്നു. പേളിഷ് ആര്‍മി എന്ന പേരില്‍ ഫാന്‍സ് അസോസിയേഷനുകളും സജീവമായി.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ ഉടലെടുത്ത സൗന്ദര്യ പ്രശ്നങ്ങള്‍ വലിയ ചര്‍ച്ചയായി. പേളി തന്നെ അവഗണിക്കുന്നതായി തോന്നുവെന്നും മനഃപൂര്‍വ്വം ഒഴിവാക്കുകയാണ് എന്നും ശ്രീനിഷ് സഹ മത്സരാര്‍ത്ഥിയായ ഷിയാസിനോട് പരാതി പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തങ്ങള്‍ക്കിടയിലെ കാര്യങ്ങള്‍ മൂന്നാമതൊരാളെ അറിയിച്ച അമര്‍ഷം രൂക്ഷമായ വഴക്കിലേക്കെത്തി. ഇതിനെത്തുടര്‍ന്ന് പ്രണയത്തിന്റെ ആദ്യ ദിനങ്ങളില്‍ ശ്രീനിഷ് പേളിക്ക് നല്‍കിയ മോതിരം പേളി ഊരി നല്‍കിയതോടെ ഇരുവരും വേര്‍പിരിയുകയുയാണെന്ന വാദം ശക്തമാകുകയാണ്. ഈ പ്രണയം കള്ളത്തരമാണെന്നും ഷോയടക്കം പരിപാടിയില്‍ നടക്കുന്നതെല്ലാം സ്‌ക്രിപ്റ്റഡ് ആണെന്ന വാദവും ഒരു വിഭാഗം പ്രേക്ഷകര്‍ ഉന്നയിച്ചിരിക്കുകയാണ്.
നടിമാരായ അര്‍ച്ചന, അതിഥി എന്നിവരാണ് അവസാന ഘട്ടത്തില്‍ ഷോയില്‍ നിന്ന് പുറത്ത് പോയവര്‍. അര്‍ച്ചനയെ പിന്തുണച്ചതിന് തനിക്കു നേരെ സാമൂഹിക മാധ്യമങ്ങളില്‍ ചില വ്യാജ എക്കൗണ്ടിലൂടെ ആക്രമണമുണ്ടായെന്നും മുന്‍ മത്സരാര്‍ത്ഥിയും നടനുമായ ദീപന്‍ മുരളി വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസിലെ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി സാബു മോന്‍ ആണെന്ന് പറഞ്ഞതിന് സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമണം ഉണ്ടായെന്ന് പറഞ്ഞ് നടിയും ടെലവിഷന്‍ അവതാരകയുമായ ആര്യയും രംഗത്തെത്തിയിരുന്നു.