ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ തനിക്ക് വിവേചനം നേരിടേണ്ടി വന്നിരുന്നുവെന്ന് ദിയ സന. സാമൂഹ്യപ്രവര്‍ത്തകയും തിരുവനന്തപുരം ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവുമായ ദിയ സന നാല്പത്തിയൊന്ന് ദിവസത്തെ ബിഗ് ബോസ് വാസത്തിന് ശേഷമാണ് ഷോയില്‍ നിന്നും പുറത്തായത്. 

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കും മറ്റൊരു മത്സരാര്‍ഥിയായിരുന്ന ഹിമ ശങ്കറിനും പല മത്സരാര്‍ഥികളുടെ ഭാഗത്ത് നിന്നും വിവേചനം നേരിടേണ്ടി വന്നതായി ദിയ വെളിപ്പെടുത്തിയത്. ബിഗ് ബോസ് ഹൗസിലേക്ക് ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി വന്നത് തനിക്ക് ആശ്വാസമായിരുന്നുവെന്നും അര്‍ച്ചന മാത്രമേ തന്നോട് വിവേചനം കാണിക്കാതിരുന്നുള്ളൂവെന്നും ദിയ പറയുന്നു.

ദിയയുടെ വാക്കുകള്‍

അഞ്ജലി വന്നപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഒരാള്‍ക്ക് ദൃശ്യത കിട്ടുക എന്നതായിരുന്നു ആ സന്തോഷം. കൂടാതെ പരിചയമുള്ള ഒരാള്‍ കൂടി വന്നു എന്ന സന്തോഷം. എനിക്കവിടെ പലപ്പോഴും ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യാറുണ്ട്. ഞാന്‍ മാത്രമായിരുന്നു വ്യത്യസ്തമായ മേഖലയില്‍ നിന്നുള്ള ഒരാള്‍. ബാക്കിയെല്ലാവരും നടീനടന്മാരും അവതാരകരും ഒക്കെ ആണല്ലോ.

രഞ്ജിനിയും ശ്വേതയുമൊന്നും ആദ്യമൊന്നും എന്നോട് സംസാരിക്കാറു പോലുമില്ലായിരുന്നു. പലപ്പോഴും നിറത്തെയും രൂപത്തെയുമൊക്കെ അവര്‍ പരിഹസിക്കുന്നതായും തോന്നിയിട്ടുണ്ട്. ശ്വേത എന്നെ കരിഞ്ഞ മമ്മൂട്ടി എന്ന് പറയുമ്പോഴും മറ്റു പലരും എന്നെയും ഹിമയെയും കുളിക്കാറില്ല, വൃത്തിയില്ല എന്നൊക്കെ പറയുമ്പോഴും എനിക്ക് കൃത്യമായിട്ടറിയാം ഇതൊക്കെ വിവേചനമാണെന്ന്. എന്നാല്‍ ഗതികേട് കൊണ്ട് അതൊക്കെ ചിരിച്ചു കൊണ്ട് നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെ, കളിയില്‍ തുടരണമായിരുന്നെങ്കില്‍ അതെ വഴിയുണ്ടായിരുന്നുള്ളു. ഇവരൊക്കെ പല തരത്തിലും പ്രബലരല്ലേ? വേറെന്ത് വഴി? ഈ സാഹചര്യത്തില്‍ അഞ്ജലി വന്നപ്പോൾ അത് ആശ്വാസമായിരുന്നു. അര്‍ച്ചന മാത്രമായിരുന്നു ആശ്വാസം. അവളുമായി ശരിക്കും നല്ല കൂട്ടായിരുന്നു. ദിയ പറയുന്നു. നന്നായി കളിച്ചാല്‍ സാബു, പേളി, രഞ്ജിനി അര്‍ച്ചന എന്നിവരായിരിക്കും ഫൈനലില്‍ എത്താന്‍ സാധ്യത എന്നും ദിയ വ്യക്തമാക്കി.

Content Highlights : Big Boss Malayalam diya sana eliminated Swetha Menon mohanlal renjini haridas anjali ameer