കൊവിഡ് 19 വ്യാപനം തടയാന്‍ രാജ്യത്തെ സിനിമാ-സീരിയല്‍ ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ ടിവി പരമ്പരയുടെ ഷൂട്ടിങ് പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 35 വര്‍ഷമായി സംപ്രേഷണം ചെയ്യുന്ന 'നെയ്‌ബേഴ്‌സ്' എന്ന സീരീസിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. പ്രത്യേക നിബന്ധനകളോടെയാണ് ഷൂട്ടിങ് വീണ്ടും തുടങ്ങാനുള്ള അനുമതി നിര്‍മാതാക്കള്‍ക്ക് ലഭിച്ചത്.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍. രംഗങ്ങളില്‍ നടീനടന്‍മാരുടെ എണ്ണം കുറയ്ക്കണം എന്ന് നിബന്ധനയില്‍ പറയുന്നു. ചുംബനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്. നടീനടന്‍മാര്‍ക്ക് ചുംബിക്കാനായി അടുത്തു വരാം. എന്നാല്‍ അതോടെ ക്യാമറ പാന്‍ ചെയ്ത് മറ്റേതെങ്കിലും രംഗങ്ങളിലേക്ക് തിരിച്ചുവിടണം. അത്തരത്തില്‍ സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തണം എന്ന നിര്‍ദേശപ്രകാരം നിരവധി മാറ്റങ്ങളോടെയാണ് ഷൂട്ടിങ്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി സെറ്റിലെത്തുന്നവരുടെയെല്ലാം ശരീരോഷ്മാവ് പരിശോധിക്കും. നടീനടന്‍മാര്‍ തന്നെ അവരവരുടെ മേക്കപ്പ് ചെയ്യണം. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം ആരോഗ്യമുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ ആശ്രയിക്കാം.

1985 മാര്‍ച്ച് 18നാണ് നെയ്‌ബേഴ്‌സിന്റെ ആദ്യ എപ്പിസോഡ് പുറത്തെത്തുന്നത്. മെല്‍ബണ്‍ ആണ് പ്രധാന ലൊക്കേഷന്‍.

neighbours

Content Highlights : australian soap opera tv serial neighbours shooting resumes during corona virus fear