കോന്‍ ബനേഗാ ക്രോര്‍പതി എന്ന സൂപ്പര്‍ഹിറ്റ് പ്രോഗ്രാമുമായി അമിതാഭ് ബച്ചന്‍ വീണ്ടുമെത്തുന്നു. കെബിസി എന്നു ചുരുക്കപ്പേരിലറിയപ്പെടുന്ന ഷോയുടെ പത്താമത്തെ സീസണാണ് സെപ്തംബര്‍ മൂന്നിന് ആരംഭിക്കുന്നത്. 12 ആഴ്ചകളിലായി 60 എപ്പിസോഡുകളാണ് സീസണ്‍ 10 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9 മണിയ്ക്ക് സോണി ടിവിയിലാണ് പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുക. സിദ്ധാര്‍ത്ഥ് ബസുവാണ്  കെബിസിയുടെ നിര്‍മ്മാതാവ്. 

പുത്തന്‍ മാറ്റങ്ങളോടെയാണ് കെബിസി സീസണ്‍ 10 പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ഓഡിയോ- വിഷ്വല്‍ ചോദ്യങ്ങളും ഈ സീസണില്‍ മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നു. ആസ്‌ക് ദ എക്സ്പേര്‍ട്ട് എന്ന ലൈഫ് ലൈന്‍ തിരികെ വരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വീഡിയോ കാള്‍ സൗകര്യത്തോടെയാണ് ആസ്‌ക് ദ എക്സ്പേര്‍ട്ട് ലൈഫ് ലൈന്‍ ലഭ്യമാകുക.

കെബിസി കരംവീര്‍ എന്ന സ്‌പെഷ്യല്‍ എപ്പിസോഡും ഈ സീസണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനു വേണ്ടി മികച്ച സേവനം കാഴ്ചവെച്ച വ്യക്തികള്‍, സാമൂഹിക മാറ്റങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തികള്‍, നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെ ജീവിതം സമൂഹത്തിനു വേണ്ടി മാറ്റിവെച്ചവര്‍ എന്നു തുടങ്ങി സമൂഹത്തിന് പ്രചോദനം പകരുന്ന വിശിഷ്ടവ്യക്തികളെയും റിയല്‍ ലൈഫ് ഹീറോകളെയും പരിചയപ്പെടുത്തുന്ന സെഗ്മെന്റാണ് കെബിസി കരംവീര്‍. വെള്ളിയാഴ്ചകളിലായിരിക്കും ഈ സ്‌പെഷ്യല്‍ എപ്പിസോഡുകളുടെ സംപ്രേഷണം. പ്രേക്ഷകര്‍ക്കും സോണി ലൈവ് ആപ്പിലൂടെ ലൈവായി ഗെയിമില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

Amitabh Bachan in Kaun Banega Crorepati season 10 KBC Amitabh Bachan