നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ രോഹിത് പി.നായരാണ് വരന്‍. എന്‍ജിനീയറാണ് രോഹിത്. തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍വെച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

അവതാരകയായാണ് എലീന ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് സീരിയലുകളില്‍ വേഷമിട്ടു. ബിഗ് ബോസ് ഷോയിലെ മത്സരാര്‍ഥിയായും കൂടിയായിരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. 

ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. വത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് എലീന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞത്. വിവാഹത്തിന് വീട്ടുകാരുടെ സമ്മതത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. രണ്ടു കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ ഓഗസ്റ്റില്‍ ഇവര്‍ വിവാഹിതരാകും.

Content Highlights: Alina Padikkal Television Anchor Got engaged To Rohith,