അന്തരിച്ച നടൻ രമേഷ് വലിയശാലയെക്കുറിച്ചള്ള ഓർമ പങ്കുവച്ച് നടി യമുന. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘ജ്വാലയായ്’ എന്ന മെഗാസീരിയിലിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. പരമ്പരയിൽ യമുന അവതരിപ്പിച്ച ലിസി എന്ന കഥാപാത്രത്തിന്റെ ഭർത്താവ് അലക്സായാണ് രമേശ് വേഷമിട്ടത്.

അലക്സിന് ലിസി എഴുതുന്ന കത്തിന്റെ രൂപത്തിലാണ് യമുനയുടെ  ഓർമക്കുറിപ്പ്. ചിരിച്ചു മാത്രം കണ്ടിട്ടുള്ള, പ്രതിസന്ധികളിൽ ആശ്വസിപ്പിക്കുന്ന കൂടപ്പിറപ്പിനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് യമുന കുറിക്കുന്നു.

യമുന പങ്കുവച്ച കുറിപ്പ്

എത്രയും പ്രിയപ്പെട്ട അലക്സ് അച്ചായന് ലിസി എഴുതുന്നു......

2001ൽ എന്റെ കൈപിടിച്ച് ജീവിതം (ജ്വാലയായ്) തുടങ്ങിയപ്പോൾ ഒരു സാധാരണ പെൺകുട്ടിക്കുള്ള എല്ലാ സ്വപ്നങ്ങളും ഈ പൊട്ടിപ്പെണ്ണിന് ഉണ്ടായിരുന്നു. ഭർത്താവിനെ അങ്ങേയറ്റം സ്നേഹിക്കുന്ന, മറ്റാരും തന്റെ ഭർത്താവിനെ ചേർത്തുപിടിക്കുന്നത് ഇഷ്ടമില്ലാത്ത ഒരു ഭാര്യയായിരുന്നു ഈ ലിസി. അച്ഛനോ അമ്മയോ കൂടെപ്പിറപ്പോ ഒന്നും വേണ്ട. തനിക്കു അലക്സച്ചായൻ മാത്രം മതി, അതാണ് എന്റെ ലോകം എന്ന് ഉറപ്പിച്ചു ജീവിച്ച ലിസി.

 

 

ഇന്ന് ആ അലക്സച്ചായൻ എന്നെവിട്ടു പോയി. ലിസി തനിച്ചായി. ലിസിയുടെ ബാലിശമായ പ്രവൃത്തികളൊക്കെ കൊച്ചുകുട്ടിയുടെ പിടിവാശിയായിക്കണ്ട് അവസാനം വരെ സ്നേഹിച്ച അലക്സാച്ചായൻ ലിസിയെ വിട്ടുപോയി. ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും ചിന്തിച്ചില്ല. എപ്പോഴും ചിരിയുള്ള ആ മുഖം മാത്രമേ കണ്ടിട്ടുള്ളു. 

യഥാർഥ ജീവിതത്തിൽ, ‘പോട്ടെ മോളെ, എല്ലാം ശരിയാകും. ജീവിതമല്ലേ എല്ലാം തരണം ചെയ്യണം’ എന്നുപറഞ്ഞ് എപ്പോൾ കണ്ടാലും ആശ്വസിപ്പിച്ചിരുന്ന എന്റെ കൂടെപ്പിറപ്പ്. എന്തിനിങ്ങനെ? ഒരിക്കലും വിചാരിച്ചില്ല.

ഇപ്പോഴും എന്റെകൂടെ ഉണ്ടെന്നു വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇഷ്ടമുള്ളിടത്തേക്ക്, സ്വന്തം ഇഷ്ടപ്രകാരം പോയി, സന്തോഷമായിരിക്കുന്നു എന്ന് ആശ്വസിച്ചുകൊണ്ട് - സ്വന്തം ലിസി

content highlights : Actress Yamuna about Late actor Ramesh Valiyasala