മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ നല്‍കി സീരിയല്‍ താരം ശരണ്യ ശശി. ട്യുമര്‍ ബാധയെ തുടര്‍ന്ന് ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് ശരണ്യ. തന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം ദുരിതമനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത് . 

സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു പങ്കു നല്‍കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയില്‍ നിന്നും ഒരു പങ്ക് തിരിച്ചുനല്‍കുകയാണെന്നും ശരണ്യ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂണിലാണ് ട്യൂമര്‍ ബാധയെ തുടര്‍ന്ന് ശരണ്യയ്ക്ക് ഏഴാമതും ശസ്ത്രക്രിയ വേണ്ടി വന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സീരിയല്‍ താരം സീമ.ജി.നായര്‍ രംഗത്തുവന്നതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന്  ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്. 

saranya sasi

ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്... തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത്.

Content Highlights : Actress Saranya gives ten thousand rupees to CM's flood Relief fund Kerala Floods 2019