മീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കും ചിരിക്കും വഴിവച്ച ഒന്നായിരുന്നു മഹാഭാരതം പരമ്പരയില്‍ ഭീഷ്മ പിതാമഹന്‍ ഉപയോഗിച്ച എയർ കൂളര്‍. കൗരവസഭയില്‍ സര്‍വാലങ്കാരവിഭൂഷിതനായി ഭീഷ്മര്‍ ഇരിക്കുമ്പോള്‍ സമീപത്തായി ഒരു കൂളര്‍ സ്ഥാപിച്ചത് ഏതോ വിരുതന്‍ കണ്ടെത്തി സ്‌ക്രീന്‍ഷോട്ട് സഹിതം സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയായിരുന്നു.

ദ്വാപരയുഗത്തില്‍ എവിടെ കൂളര്‍ എന്ന് ഒരു വിഭാഗം പരിഹസിച്ചപ്പോള്‍ മഹാഭാരതം ആദ്യമായി സംപ്രേഷണം ചെയ്ത തൊണ്ണൂറുകളില്‍ ഇത്തരം കൂളറുകള്‍ വിപണിയിലണ്ടായിരുന്നോ എന്നായിരുന്നു മറ്റ് ചിലർക്ക് സംശയം. എങ്കിലും കാസ്റ്റിങ്ങിലും മറ്റും അത്രയും കണിശത പുലര്‍ത്തിയ ബി.ആര്‍. ചോപ്രയ്ക്ക് എങ്ങനെ ഇങ്ങനയൊരു നോട്ടപ്പിശക് പറ്റി എന്നൊരു ചോദ്യവും ഉയര്‍ന്നു. എന്നാല്‍, ഇത് കൂളറല്ലെന്നും സെറ്റിലെ ഏതൊ അലങ്കാരത്തിന്റെ ഭാഗമാണ് കാണുന്നതെന്ന ന്യായീകരണങ്ങളും ഉണ്ടായിരുന്നു. അതല്ല ഫോട്ടോഷോപ്പ് വിദ്യയാണെന്നുമുണ്ടായിരുന്നു വിശദീകരണം.

ആദ്യത്തെ സംപ്രേഷണത്തിന്റെ സമയത്ത് ആരുടെയും കണ്ണില്‍ പേടാതെ പോയ ഈ അബദ്ധം ലോക്ഡൗണ്‍ കാലത്തെ പുനഃസംപ്രഷണത്തിലാണ് ആളുകള്‍ കണ്ടുപിടിച്ചത്. ഈ ലോക്ഡൗണ്‍ കാലത്ത് ദൂദര്‍ശന് ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ നേടിക്കൊടുത്ത പരിപാടികളാണ് മഹാഭാരതും രാമായണവും. രണ്ട് പരമ്പരകളും ഹിറ്റായി ഓടുമ്പോഴാണ് അതിലെ ഒരു അബദ്ധം ചിരിപടര്‍ത്തി വീണ്ടും തലപൊക്കിയത്.

എന്നാലിപ്പോള്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കഥയിലെ നായകന്‍ ഭീഷ്മരായി വേഷമിട്ട മുകേഷ് ഖന്ന തന്നെ. ഇതാരാണ് കണ്ടുപിടച്ചതെന്നാണ് എന്റെ സംശയം എന്നാണ് മുകേഷ് ഖന്ന ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആദ്യം ചോദിച്ചത്.

'മഹാഭാരതത്തിന്റെ സെറ്റില്‍ നിന്നുള്ള എന്റെ ചിത്രം വൈറലായിരുന്നുവെന്ന് ഞാന്‍ അറിഞ്ഞിരുന്നു. ഇതാരാണ് കണ്ടുപിടിച്ചത് എന്നാണ് എനിക്ക് ആദ്യം അറിയേണ്ടത്. ഇത് പരമ്പരയിലെ ഒരു രംഗം തന്നെയാണോ എന്ന് സംശയമാണ്. അങ്ങനെയാണെങ്കില്‍ അതൊരു വലിയ തെറ്റ് തന്നെയാണ്. എന്നാല്‍, ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് തോന്നത് അത് ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ എടുത്ത ഒരു ഫോട്ടോ ആയിരിക്കുമെന്നാണ്. ബി.ആര്‍. ചോപ്രയുടെ ഭാഗത്ത് നിന്ന് അത്തരമൊരു വലിയ തെറ്റ് സംഭവിക്കുമോ എന്ന കാര്യം സംശയമാണ്. മഹാഭാരതത്തിന്റെ നിര്‍മാണത്തിലും എഡിറ്റിങ്ങിലും അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹം'-മുകേഷ് ഖന്ന പറഞ്ഞു.

എങ്കിലും മഹാഭാരതത്തിന്റെ ചിത്രീകരണത്തിന്റെ സമയത്ത് താന്‍ കൂളര്‍ ഉപയോഗിച്ചിരുന്നുവെന്ന് മുകേഷ് ഖന്ന സമ്മതിച്ചു. 'ഫിലിം സിറ്റിയിലായിരുന്നു മഹാഭാരതത്തിന്റെ ചിത്രീകരണം. അത് പൂര്‍ണമായും ശീതീകരിച്ച കെട്ടിടമാണ്. എങ്കിലും ഭീഷ്മരുടെ ഭാരമേറിയ കോസ്റ്റ്യൂം കാരണം ഞാന്‍ ആകെ വലഞ്ഞിരുന്നു. ഇതിനെല്ലാം പുറമെ നീണ്ട താടിയും. ഇതാണെങ്കിൽ  എനിക്ക് ദിവസം മുഴുവന്‍ അണിയേണ്ടിയും വരുന്നുണ്ടായിരുന്നു. ഇതുകാരണം ആകെ ചൂടെടുത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഒരോ സീനെടുത്തു കഴിയുമ്പോഴും ഞാന്‍ ആകെ വിയര്‍ത്തുകുളിക്കുമായിരുന്നു. അതുകൊണ്ട് ആകെ അസ്വസ്ഥനുമാകുമായിരുന്നു. അതുകൊണ്ട് ഞാന്‍ ഒരു എയര്‍ കൂളര്‍ വേണമെന്ന് ബി.ആര്‍. ചോപ്രയോട് ആവശ്യപ്പെട്ടിരുന്നു-മുകേഷ് ഖന്ന പറഞ്ഞു.

Story Courtesy: Times Of india

Content Highlights: Actor Mukesh Khanna Clarifies About the air cooler spoted in Mahabharatha Serial