നടി ഗായത്രി സുരേഷിന്റെ വാഹനം അപകടത്തിൽപ്പെട്ടപ്പോൾ ഒപ്പം ഉണ്ടായിരുന്നത് താനല്ലെന്നും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സീരിയൽ താരം ജിഷിൻ മോഹൻ. ഗായത്രിക്കൊപ്പം ഉണ്ടായിരുന്നത് സീരിയിൽ താരം ജിഷിൻ ആണെന്നായിരുന്നു ചില യൂട്യൂബ് ചാനലുകളിൽ വാർത്തകൾ വന്നത്. എന്നാൽ ഇതു തെറ്റാണെന്നും അത്ര സാധാരണമല്ലാത്ത പേര് ഉള്ള അഹങ്കാരം ഇതോടെ പോയി കിട്ടിയെന്നും  ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ലൈവിൽ വ്യക്തമാക്കി.

'ആ ജിഷിൻ ഞാനല്ല. ഗായത്രി സുരേഷിന് ഒപ്പം ഉണ്ടായിരുന്ന സീരിയൽ നടൻ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാർത്തകൾ കണ്ടു. ശരിക്കും മാനനഷ്ടത്തിന് കേസ് നൽകുകയാണ് വേണ്ടത്. എല്ലാവരുടെയും വീട്ടിൽ വരുന്ന അതിഥികൾ ആയിട്ടാണ് ഞങ്ങൾ സീരിയൽ താരങ്ങളെ കാണുന്നത്. അതിന്‍റെ ഒരു സ്നേഹവും ബഹുമാനവും ഞങ്ങൾക്ക് കിട്ടാറുണ്ട് അത് ദയവായി മോശം ഹെഡിങ്ങുകൾ ഇട്ടു നശിപ്പിക്കരുത്. നിങ്ങൾ വാർത്ത വളച്ചൊടിച്ച് കൊടുക്കുമ്പോൾ എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓർക്കണം' – ജിഷിൻ പറഞ്ഞു. 

ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം കാക്കനാട് ഭാഗത്തു വച്ചാണ് അപകടത്തിൽപ്പെട്ടത്. ഇവർ വാഹനം നിർത്താതെ പോയതോടെ ഒരു സംഘം പിന്തുടരുകയും ഗായത്രിയേയും സുഹൃത്തിനെയും നടുറോഡിൽ തടഞ്ഞു വയ്ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി ​ഗായത്രി രം​ഗത്തെത്തുകയും ചെയ്തിരുന്നു.

content highlights : Actor Jishin Mohan on Gayathri Suresh Car Accident controversy