മനോജ് ബാജ്പേയിയോ സാമന്തയോ, മുന്നിലാര്?


പി.മുരളീധരന്‍

ശ്രീലങ്കന്‍ തമിഴരെ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്നും അതിനാല്‍ ഈ പരമ്പരക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നും ത്മിഴ്‌നാട്ടില്‍ പരക്കെ ആവശ്യമുയര്‍ന്നിരുന്നു. ആ ആരോപണത്തില്‍ വലിയ കാര്യമില്ലെന്നാണ് തോന്നുന്നത്. രാജ്യസ്‌നേഹമെന്ന ഏകവീക്ഷണമല്ല പരമ്പരയില്‍.

മനോജ് ബാജ്‌പേയി, സാമന്ത (ഫാമിലി മാൻ 2 ട്രെയ്‌ലറിൽ നിന്നുള്ള ദൃശ്യങ്ങൾ)

ന്ത്യയുടെയും ശ്രീലങ്കയുടെയും പ്രധാനമന്ത്രിമാര്‍ ചെന്നൈയില്‍ തന്ത്രപ്രധാനമായ ഒരു കരാര്‍ ഒപ്പിടാനെത്തുകയാണ്. അവിടെവെച്ച് പ്രധാനമന്ത്രിമാരായ ശ്രീമതി ബസുവിനെയും ശ്രീമാന്‍ രൂപതുംഗയെയും ചാവേറാക്രമണത്തില്‍ വകവരുത്താന്‍ ശ്രീലങ്കന്‍ തമിഴ്‌പോരാളികള്‍ പദ്ധതിയിടുന്നു. ഇവര്‍ക്ക് ഐഎസ്ഐ പിന്തുണയുമുണ്ട്. ഉച്ചകോടി മാറ്റിവെക്കാതെ തീവ്രവാദികളെ തകര്‍ക്കുക എന്ന അതീവ അപകടകരമായ ദൗത്യം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഇന്ത്യന്‍ ഏജന്റുമാര്‍.

ഒരു ത്രില്ലര്‍ വെബ് സീരീസിന് ഇതിലും നല്ലൊരു പ്ലോട്ടിന്റെ ആവശ്യമേയില്ല! പറഞ്ഞുവരുന്നത് ഫാമിലിമാന്‍ എന്ന കിടയറ്റ ത്രില്ലര്‍ പരമ്പരയുടെ രണ്ടാം സീസണെക്കുറിച്ചാണ്. പുറത്തിറങ്ങാന്‍ ചില മാസങ്ങള്‍ അധികം വേണ്ടിവന്നെങ്കിലും പ്രേക്ഷകര്‍ക്ക് ഒറ്റയിരിപ്പില്‍ കണ്ടുതീര്‍ക്കാനാവും വിധം ഉദ്വേഗജനകമാണ് കഥാഗതി. എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ശ്രീകാന്ത് തിവാരിയുടെ വേഷത്തില്‍ ഉജ്ജ്വലമായ പ്രകടനം ഒരിക്കല്‍ കൂടി കാഴ്ചവെക്കുന്ന മനോജ് ബാജ്പേയിക്ക് ഒപ്പം നില്‍ക്കുന്ന പ്രകടനമാണ് ശ്രീലങ്കന്‍ തമിഴ് പോരാളി രാജിയുടെ വേഷത്തില്‍ വരുന്ന സാമന്താ അക്കിനേനിയുടേത്. തിവാരിയുടെ ഭാര്യ സുചിത്ര അയ്യരായി പ്രിയാമണിയും സഹപ്രവര്‍ത്തകന്‍ ജെ.കെ. തല്‍പാഡെയായി ശരീബ് ഹശ്മിയും ജീവിക്കുകയാണ് പരമ്പരയില്‍.

ഒന്‍പത് എപ്പിസോഡുള്ള പരമ്പരയ്ക്ക് രാജ് നിഡിമൊരുവും കൃഷ്ണ ഡി.കെയും ചേര്‍ന്ന് അടിത്തറയൊരുക്കുന്നത് കുറച്ചു സമയമെടുത്താണ്. അതിനു കുറ്റം പറയാനും പറ്റില്ല. ഒന്നാം സീസണില്‍ നമ്മള്‍ കണ്ടതു പോലെ വെറും സര്‍ക്കാരുദ്യോഗസ്ഥന്റെ വേഷം കെട്ടി എന്‍.ഐ.എയിലെ ത്രെറ്റ് അനാലിസിസ് ആന്‍ഡ് സര്‍വെയ്ലന്‍സ് സെല്‍ അഥവാ ടാസ്‌ക് എന്ന സാങ്കല്‍പ്പിക സ്ഥാപനത്തില്‍ രാജ്യസുരക്ഷാഭീഷണികളെ നേരിട്ടിരുന്ന തിവാരിക്ക് മതിയായി. കുറ്റബോധവും കുടുംബത്തെ നോക്കാന്‍ സമയം കിട്ടാത്ത സാഹചര്യവും കാരണം ടാസ്‌കില്‍ നിന്നും രാജിവെച്ച് ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ജോലിക്കുചേര്‍ന്നിരിക്കുകയാണ് അയാള്‍. നല്ല ശമ്പളവും ആവശ്യത്തിന് ഫ്രീടൈമും ഉണ്ടെങ്കിലും അവസ്ഥ പഴയതുതന്നെ. കമ്പനിയിലെ യുവാവായ ബോസ് അമിതമായി 'ബോസ്' ചെയ്യുന്നത് അയാളെ ശ്വാസം മുട്ടിക്കുന്നു. സുചിയുമൊത്തുള്ള വിവാഹബന്ധം ആടിയുലയുകയുമാണ്.

ഇതിനിടെ ഭൗമരാഷ്ട്രീയം തിവാരിയുടെ ജീവിതത്തില്‍ ഇടപെടാനൊരുക്കം തുടങ്ങി. ലങ്കയില്‍ ചൈനീസ് സാന്നിദ്ധ്യം ശക്തിപ്പെടുകയാണ്. അതു തടയാന്‍ ഇന്ത്യ ഒരു വിട്ടുവീഴ്ച ചെയ്യണം. പ്രധാനമന്ത്രി ബസു അത് സാധ്യമാക്കാന്‍ റോയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നു. തുടര്‍ന്നുണ്ടാവുന്ന ചില സംഭവങ്ങള്‍ ലണ്ടനില്‍ പ്രവാസജീവിതം നയിക്കുന്ന തമിഴ് തീവ്രവാദി സംഘത്തെ പ്രകോപിപ്പിക്കുന്നു. തമിഴ് നാട്ടിലെ സ്ലീപ്പര്‍ സെല്ലുകളെ നേതാക്കള്‍ പുനരുജ്ജീവിപ്പിക്കുന്നു. പ്രതികാരത്തിന് തുനിഞ്ഞിറങ്ങുന്ന അവരെ തുണയ്ക്കാന്‍ നമ്മള്‍ ആദ്യ സീസണില്‍ കണ്ട പാകിസ്താനി മേജര്‍ സമീര്‍ എത്തുന്നു.

ചെന്നൈയിലെ ഒരു ഫാക്ടറിയില്‍ അജ്ഞാതവാസം നടത്തുന്ന രാജി നിസ്സഹായയായ ജീവനക്കാരിയില്‍ നിന്നും നിഷ്ഠുരയായ പെണ്‍പുലിയായി മാറുന്ന കാഴ്ച അത്ഭുതത്തോടെ മാത്രമേ കാണാനാവൂ. കടന്നുപോന്ന ചോരപ്പുഴകളുടെ കറയും അനുഭവിച്ച കൊടുംദുരിതങ്ങളുടെ വടുക്കളും കത്തിജ്ജ്വലിക്കുന്ന പ്രതികാരവും ആ കണ്ണുകളില്‍ നമുക്കു വായിച്ചെടുക്കാം. പ്രതികാര പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ട വ്യക്തിയുടെ ശരീരചലനങ്ങളാണ് അധികം സംസാരിക്കാത്ത ഈ പോരാളിക്ക്. പരിശീലനം സിദ്ധിച്ച കമാന്‍ഡോയായ രാജിയാണ് ശാരീരികമായും സാമന്ത.

ശ്രീലങ്കന്‍ തമിഴരെ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്നും അതിനാല്‍ ഈ പരമ്പരക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നും തമിഴ്‌നാട്ടില്‍ പരക്കെ ആവശ്യമുയര്‍ന്നിരുന്നു. ആ ആരോപണത്തില്‍ വലിയ കാര്യമില്ലെന്നാണ് തോന്നുന്നത്. രാജ്യസ്‌നേഹമെന്ന ഏകവീക്ഷണമല്ല പരമ്പരയില്‍. നില്‍ക്കുന്ന വശമനുസരിച്ച് തീവ്രവാദിയും സ്വാതന്ത്ര്യസമരപ്പോരാളിയും നിറം മാറുമെന്ന് അത് വ്യക്തമാക്കുന്നുണ്ട്. ലണ്ടനില്‍ പ്രവാസിയായി ജീവിച്ച് പ്രസ്ഥാനത്തെ നയിക്കുന്ന ഭാസ്‌കരനും (മൈം ഗോപി) ചാവേറാകാന്‍ തീരുമാനിക്കുന്ന രാജിക്കും വ്യക്തമായ കാരണങ്ങളുണ്ട്, തങ്ങളെക്കാള്‍ വളരെയധികം കരുത്തുള്ള അധികാരഘടനകളുമായി ഏറ്റുമുട്ടുമ്പോള്‍ അവര്‍ക്ക് ഇതല്ലാതെ വഴിയില്ലെന്ന ധ്വനി ശ്രദ്ധിച്ചാല്‍ നമുക്കു കേള്‍ക്കാം.

കഥയുടെ പകുതിയോളം നടക്കുന്നത് തമിഴ്‌നാട്ടിലും ജാഫ്‌നയിലുമാണ്. തമിഴ് നടീനടന്‍മാര്‍ തന്നെയാണ് ആ വേഷങ്ങള്‍ കയ്യാളുന്നത്. ആദ്യസീസണിലെന്ന പോലെ സാധാരണക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്ന ചില ചോദ്യങ്ങള്‍ പരമ്പര ഉയര്‍ത്തുന്നുണ്ട്: ഒരിടത്ത് തിവാരിയുടെ സഹപ്രവര്‍ത്തകന്‍ മിലിന്ദ് ചോദിക്കുന്നു, നമ്മള്‍ ശരിക്കും നല്ലവരാണോ എന്ന്. ഈ സംശയം തിവാരിക്കും ഇടയ്ക്കുണ്ടാവുന്നുണ്ട്. ഇവര്‍ക്കൊക്കെ ആശ്വാസമാവുന്നത് തങ്ങളുടെ ശരികള്‍ തെറ്റുകളെക്കാള്‍ വളരെ കൂടുതലാണെന്നതും ഒരുപാട് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ തങ്ങള്‍ക്കാവുന്നു എന്നതുമാണ്. ആമസോണ്‍ പ്രൈമിലാണ് പരമ്പര.

ഒന്നാം സീസണിലുള്ളത്ര നര്‍മമധുരമായ മുഹൂര്‍ത്തങ്ങള്‍ ഈ സീസണിലില്ലെങ്കിലും ഉള്ളവ മനോഹരമാണ്. സേവന മികവിന് മെഡല്‍ നല്‍കുമ്പോള്‍ 'രാജ്യം താങ്കളോട് കടപ്പെട്ടിരിക്കുന്നു, എന്താവശ്യമുണ്ടെങ്കിലും ബന്ധപ്പെടണ'മെന്നു പ്രധാനമന്ത്രി പറയുന്നു. പിന്നീട് തിവാരി സുഹൃത്തിനോട് ചോദിക്കുന്നു, ഇതിന്റെ പേരില്‍ കുറഞ്ഞ വായ്പക്ക് ഭവനവായ്പ ലഭിക്കുമോയെന്ന്! ജീവന്‍ പണയംവെച്ചുള്ള കളിയില്‍ ജയിച്ച് താഴെയെത്തുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വീട്ടില്‍ തിരിച്ചു പോയേ പറ്റൂ, അതിനകത്തെ കൂടുതല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌തേ പറ്റൂ എന്ന് ഇതിലും ഭംഗിയായി എങ്ങനെ പറയും?

അതിമനോഹരമായി ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങള്‍ ഇതിന്റെ തിലകക്കുറിയാണ്. പ്രത്യേകിച്ച്, ഒറ്റ ഷോട്ടില്‍ പകര്‍ത്തിയ ക്ലൈമാക്സ് രംഗങ്ങള്‍. കാമെറണ്‍ ബ്രൈസന്റെ ഛായാഗ്രഹണം മികവുറ്റതാണ്. സമീറിന്റെ എഡിറ്റിംഗ് ഒപ്പം നില്‍ക്കും. അവസാനം എല്ലാവരും ചോദിക്കുന്ന ആ ചോദ്യം: ഫാമിലിമാന്റെ ആദ്യ സീസണോ, രണ്ടാം സീസണോ കൂടുതല്‍ മെച്ചം? ആദ്യസീസണ്‍ തന്നെ എന്നു പറയാനാണ് തോന്നുന്നത്. ഒരുപക്ഷേ, കഴിഞ്ഞ കാര്യങ്ങളോടുള്ള ഇഷ്ടക്കൂടുതലായിരിക്കാം ഈ വിധിക്കു കാരണം.

Content Highlights: The Family man season 2 Review Manoj Bajpayee samantha akkineni priyamani

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented