സോളമന്റെ ഉത്തമഗീതം എന്ന ഹ്രസ്വചിത്രത്തിൽ നിന്നൊരു രംഗം | ഫോട്ടോ: സ്ക്രീൻഗ്രാബ്
സോളമന്റെയും ലിസിയുടെയും മനോഹരമായ പ്രണയം പറയുന്ന സോളമന്റെ ഉത്തമഗീതം എന്ന ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. പൂർണ്ണമായും ആലപ്പുഴയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ഹ്രസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ആലപ്പുഴ സ്വദേശിയായ വിമൽ ജോബ് ദേവസ്യയാണ്.
തേന്മാവിൻ കൊമ്പത്തിലെ "കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ " എന്ന ഹിറ്റ് പാട്ടിന്റെ വരികളോടെ ആരംഭിക്കുന്ന ടൈറ്റിൽ സോങ് വ്യത്യസ്തത ഉളവാക്കുന്നതാണ്. കാത്തി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഖിൽ തോമസ് എബ്രഹാം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വർഷങ്ങളായി സോളമൻ തന്റെ മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രണയം തന്റെ കാമുകിയായ ലിസിയോട് അവളുടെ കല്യാണത്തിന്റെ വെറും 5 മിനിറ്റ് മുമ്പ് പറയുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ സാരാംശം. നർമ്മത്തിൽ ചാലിച്ച ചിത്രം വളരെ നാച്ചുറലായി ചിത്രീകരിക്കുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്. ഇതിൽ ലിസിയെ കല്യാണം ചെയ്യാനായി വരുന്ന ഫെർഡിനന്റ് എന്ന കഥാപാത്രം ഫോട്ടോഗ്രാഫറുമായി സംസാരിക്കുന്ന ഒരു രംഗം ഇതിനോടകം ഹിറ്റായിരിക്കുകയാണ്.
നിരവധി ഹ്രസ്വ ചിത്രങ്ങളിലും സിനിമയിലും സജീവമായ ഷൈനാസ് ഇല്യാസ് ആണ് നായക കഥാപാത്രമായ സോളമനെ അവതരിപ്പിച്ചിരിക്കുന്നത്. നായിക കഥാപാത്രമായ ലിസിയെ മികച്ചതാക്കി വർഷ പ്രസാദ് കയ്യടി നേടിക്കൊണ്ടിരിക്കുന്നു. ഫെർഡിനന്റ് എന്ന കോമഡി കഥാപാത്രത്തെ ഗ്രാഷ് അവതരിപ്പിച്ചിരിക്കുന്നു. നിതിൻ സണ്ണി, ജയദാസ് പുന്നപ്ര, സജി ആലപ്പുഴ, പുന്നപ്ര മധു, വിൽസപ്പൻ പറവൂർ, അനന്തു പറവൂർ, ബെൻസി മോൻ, ദാസ് പറവൂർ തുടങ്ങിയ നിരവധി കലാകാരന്മാർ അഭിനയിച്ചിട്ടുണ്ട്.
ആലപ്പുഴയുടെ ഭംഗിയും നാച്ചുറൽ ആയ കുറെ കഥാപാത്രങ്ങളെയും ഓരോ ഫ്രെയിമിലും ഒപ്പിയെടുത്തിരിക്കുന്നത് ക്യാമറമാൻ രതീഷ് കെ അയ്യപ്പനാണ്. മനോഹരമായ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ബോണി ലൂയിസ് ആണ്. എഡിറ്റർ റൗഫ്, ചീഫ് അസോസിയറ്റ് ഡയറക്ടർ സന്തോഷി റാണ സാഹ, അസോസിയറ്റ് ഡയറക്ടേഴ്സ് റോബിൻ ഔസേപ്പ്, സുമേഷ് മാധവൻ, അസോസിയേറ്റ് ക്യാമറമാൻ ദിലീഷ് ദാമോദരൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..