എസ്.ദുർഗയിലെ രംഗം
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സനല്‍ കുമാര്‍ ശശിധരന് തിരക്കഥ സംവിധാനം ചിത്രസംയോജനം നിര്‍വ്വഹിക്കുന്ന 'എസ് ദുര്‍ഗ്ഗ' സൈന പ്ലെ ഒ.ടി.ടി.യില്‍ റിലീസായി. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ ടൈഗര്‍ പുരസ്കാരം അടക്കം പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പുരസ്കാരങ്ങള്‍ വാരികൂട്ടിയപ്പോഴും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ ഒരു സിനിമയ്ക്ക് നല്‍കിയിരുന്ന പ്രദര്‍ശനാനുമതി പിന്‍വലിച്ച അനുഭവം കൂടിയുണ്ട് എസ് ദുര്‍ഗ്ഗയ്ക്ക്. ഒടുവില്‍ 'സെക്സി ദുര്‍ഗ്ഗ' എന്ന പേര് 'എസ് ദുര്‍ഗ്ഗ'യാക്കി മാറ്റിയ ശേഷം മാത്രമാണ് സനലിന്റെ മൂന്നാമത്തെ മുഴുനീള സിനിമയ്ക്ക് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കുന്നത്.
ആഖ്യാന ശൈലി കൊണ്ടും ഏറെ വേറിട്ട് നില്ക്കുന്ന 'എസ് ദുര്‍ഗ്ഗ' അവതരണത്തിലെ 'സ്വാഭാവികത' കൊണ്ടും ശ്രദ്ധേയമാകേണ്ട സിനിമയാണ്. കാളീ ആരാധനയുടെ ഭാഗമായ ഗരുഡന് തൂക്കത്തിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങളിലാണ് തിരക്കഥയില്ലാത്ത സിനിമ ആരംഭിക്കുന്നത്. ദേവീ പ്രീതിക്കായ് സ്വയം വേദനിപ്പിച്ചുകൊണ്ടുള്ള ഉത്സവത്തില്‍ നിന്നും അതിന്റെ പുരുഷാരവത്തില്‍ നിന്നും പ്രതാപ് ജോസഫിന്റെ ക്യാമറ സഞ്ചരിക്കുന്നത് രാജശ്രീ ദേശ്പാണ്ഡേ അവതരിപ്പിച്ച ദുര്‍ഗ്ഗയുടേയും കണ്ണന് നായര്‍ അവതരിപ്പിച്ച കബീറിന്റെയും യാത്രയിലേക്കാണ്.
രാത്രിയുടെ നിശബ്ദതയില്‍ ആളൊഴിഞ്ഞ റോഡില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഒളിച്ചോട്ടത്തില്‍ ഉത്തരേന്ത്യക്കാരിയായ ദുര്‍ഗ്ഗയേയും കബീറിനേയും കാറില്‍ കയറ്റി സഹായിക്കാനെത്തുന്ന ആയുധകടത്തുകാരായ സംഘത്തിന്റെ ക്രൂര വിനോദങ്ങളിലാണ് പിന്നീടുള്ള കഥ പുരോഗമിക്കുന്നത്.
എടുത്തുപറയത്തക്കതായ സംഭാഷണങ്ങളൊന്നും ഇല്ലാതെയും ദുര്‍ഗ്ഗ എന്ന കഥാപാത്രത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകളെ സിനിമയിലുടനീളം നിലനിര്‍ത്താന്‍ സംവിധായകനാകുന്നു. രണ്ട് ദുര്‍ഗ്ഗമാരെയാണ് സിനിമ കാണിക്കുന്നത്. ഒന്ന് കാളിയാണ്, രണ്ട് ദുര്‍ഗ്ഗ തന്നെയും. ആദ്യത്തേതില്‍ അവള് ആരാധിക്കപ്പെടുകയാണ്. രണ്ടാമത്തേതില്‍ ക്രൂശിക്കപ്പെടുകയാണ്. ആദ്യത്തെ ദുര്‍ഗ്ഗയ്ക്ക് പാരമ്പര്യ വാദ്യോപകരണങ്ങള്‍ അകമ്പടിയാകുമ്പോള്‍, രണ്ടാമത്തെ ദുര്‍ഗ്ഗയ്ക്ക് 'ത്രാഷ് മെറ്റലി'ന്റെ വേഗതയും ചടുലതയുമാണ് താളമാകുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചതിലൊരു മെറ്റല്‍ ബാന്‍ഡായ 'കെയോസി'ലൂടെ സ്വതന്ത്ര സംഗീതവും സ്വതന്ത്ര സിനിമയും ഒന്നിക്കുന്ന ഒരിടമാകുന്നു 'എസ് ദുര്‍ഗ്ഗ.'
സിനിമയോളം നിഗൂഢത സൂക്ഷിക്കാവുന്ന കല മറ്റൊന്നില്ലെന്ന് കൂടി സനല്‍ ഈ ചിത്രത്തിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്. നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ, ഷാജി മാത്യൂ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതാപ് ജോസഫ് നിര്‍വ്വഹിക്കുന്നു. ലൈവ് റെക്കോര്‍ഡിംഗ് ആന്റ് സൗണ്ട് ഡിസൈന്‍- ഹരികുമാര്‍ മാധവന് നായര്‍,സൗണ്ട് മിക്സിംഗ്-ടി. കൃഷ്ണനുണ്ണി, സംഗീതം-ബേസില്‍ സി.ജെ., പ്രൊഡക്ഷന്‍ കണ്ട്രോളര്-എസ് മുരുകന്, അസോസിയേറ്റ് എഡിറ്റര്‍-രാഹുല്‍, അസോസിയേറ്റ് ഡയറക്ടര്‍-ചാന്ദിനി ദേവി, ജെ. ബിബിന്‍ ജോസഫ്, ലക്ഷ്മി,രാജ് ഗോവിന്ദ് & വിപിന്‍ വിജയന്, പബ്ലിസിറ്റി ഡിസൈന്‍- ദിലീപ്ദാസ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights: S Durga Movie Sanal Kumar Sasidharan to release in Saina OTT Platform
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..