രോഗം സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വിയോഗം; രശ്മിയുടെ മരണം ഉള്‍ക്കൊള്ളാനാകാതെ സുഹൃത്തുക്കള്‍


Resmi Jayagopal

കോഴിക്കോട്: സിനിമാ-സീരിയല്‍ നടി രശ്മി ഗോപാലിന്റെ(51) വിയോഗത്തിന്റെ ആഘാതത്തിലാണ് സീരിയല്‍ ലോകം. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തായിരുന്നു അന്ത്യം. സിരീയല്‍ താരങ്ങളായ ചന്ദ്ര ലക്ഷ്മണ്‍, കിഷോര്‍ സത്യ, സീമ ജി നായര്‍ തുടങ്ങിയവര്‍ രശ്മിയെ അനുസ്മരിച്ചു. അര്‍ബുദം സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ മരണം തേടിയെത്തിയെന്ന് സീമ ജി നായര്‍ കുറിച്ചു.

സീമയുടെ കുറിപ്പ്

ഇന്നലെ രാത്രി ഏകദേശം 11.30 ആയപ്പോള്‍ ദേവികയുടെ മെസ്സേജ് വന്നു.. ചേച്ചീ,ഈ ചേച്ചിക്ക് എന്തുപറ്റിയെന്നു.. ഷൂട്ട് കഴിഞ്ഞു റൂമില്‍ എത്തിയതെ ഉണ്ടായിരുന്നുള്ളു.. ഞാന്‍ പറഞ്ഞു എനിക്കൊന്നും അറിയില്ലയെന്നു.. ദേവിക പറഞ്ഞു കിഷോറേട്ടന്റെ (കിഷോര്‍ സത്യ) ഫെയ്‌സ്ബുക്ക് വന്നു. അപ്പോള്‍ 11.45 ആയിരുന്നു.. രാത്രി വൈകിയെങ്കിലും അപ്പോള്‍ തന്നെ കിഷോറിനെ വിളിച്ചു.. കേട്ടത് സത്യം ആവരുതേയെന്നു.. അങ്ങനെ ഒരു മറുപടി അപ്പുറത്തു നിന്നും വരുമെന്ന് കരുതി.. നിരാശയും ദു:ഖവും ആയിരുന്നു ഫലം.. കഴിഞ്ഞ ദിവസം ഓണത്തിന്റെ ഷൂട്ടും കഴിഞ്ഞു വളരെ സന്തോഷത്തോടെ വിദേശത്തുനിന്നു വരുന്ന ബന്ധുവിനെ കാണാന്‍ തിരുവനന്തപുരത്തുപോയ രശ്മിക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയി.. ചില സംശയത്തെ തുടര്‍ന്ന് ആര്‍സിസിയിലേക്ക് റഫര്‍ ചെയ്യുകയും അവിടുന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു..

രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരുന്നു.. കണ്ണടച്ച് തുറക്കുന്നതിനു മുന്നേ രശ്മി യാത്രയായി.. യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലാതെ രശ്മി പോലും മനസ്സിലാക്കുന്നതിന് മുന്നേ.. എനിക്കു വിശ്വസിക്കാന്‍ പറ്റിയില്ല.. എനിക്കെന്നല്ല ആര്‍ക്കും ?? കുറച്ചു നാള്‍ മുന്നേ സ്വന്തം സുജാത സീരിയലിന്റെ സെറ്റില്‍ ഒരു ഫങ്ങ്ഷന്‍ ഉണ്ടായിരുന്നു.. അതിനുവേണ്ടി എനിക്ക് പോകേണ്ടി വന്നു.. അന്ന് രശ്മി എന്റെയടുത്തു വന്നു.. എന്നെ ഒരുപാടിഷ്ടം ആണെന്നും കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറഞ്ഞു.. കുറെ ഫോട്ടോസും എടുത്തു.. കുറെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു അവര്‍ക്ക്.. പക്ഷെ വിധി വൈപരീത്യം ഇത്രയും ചെറുപ്പത്തില്‍ സ്വപ്നങ്ങള്‍ ബാക്കി വെച്ച് അസുഖം ഉള്ളില്‍ ഉണ്ടായിരുന്നതിന്റെ ഒരു സൂചന പോലും ഇല്ലാതെ യാത്രയാവുമ്പോള്‍ രശ്മിയുടെ കുടുംബത്തിന്റെ കാര്യം എനിക്കോര്‍ക്കാന്‍ കൂടി പറ്റുന്നില്ല.. ഒന്നിനും ഗ്യാരണ്ടി ഇല്ലാത്ത ഈ ജീവിതത്തില്‍ ഉള്ള സമയം സന്തോഷത്തോടെ ജീവിക്കു എന്ന് മാത്രമേ പറയാനുള്ളു.. ഇന്നലെ കിട്ടിയ ഷോക്കില്‍ നിന്നും ഇപ്പോളും ഞാന്‍ മുക്തി നേടിയിട്ടില്ല.. വിട എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റുന്നുള്ളു

ബെംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി പരസ്യചിത്രങ്ങളിലൂടെയാണ് സിനിമ-സീരിയല്‍ രംഗത്തേക്ക് കടന്നുവരുന്നത്. മലയാളം, തമിഴ്, കന്നട ഭാഷകളിലെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

എന്ന് നിന്റെ മൊയ്തീന്‍, ഫയര്‍മാന്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍ തുടങ്ങിയ ഏതാനും സിനിമകളില്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടി.വി.യില്‍ സംപ്രേഷണം ചെയ്തുവരുന്ന 'സ്വന്തം സുജാത'യില്‍ സാറാമ്മ എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് രശ്മി കുടുംബപ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തയായത്. സത്യം ശിവം സുന്ദരം, കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്നീ സീരിയലുകളിലും മികച്ച വേഷങ്ങള്‍ ചെയ്തു.

കോഴിക്കോട്ടായിരുന്നു സ്ഥിരതാമസം. തിരുവനന്തപുരത്ത് എത്തിയ രശ്മിയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം നെടുമങ്ങാട്ടുള്ള ബന്ധുഗൃഹത്തില്‍ നടത്തി.

പാലക്കാട് മാളികമന ശംഭുണ്ണി നമ്പൂതിരിയുടെയും സരള അന്തര്‍ജനത്തിന്റെയും മകളാണ്. ഭര്‍ത്താവ്: പുന്നശ്ശേരി ചെമ്പക്കോട്ടില്ലത്ത് ജയഗോപാല്‍ നമ്പി(കോഴിക്കോട് കരമംഗലം വിഷ്ണു ക്ഷേത്രത്തിലെ പൂജാരി). മകന്‍: പ്രശാന്ത് കേശവ്(ബിസിനസ്).

Content Highlights: Resmi Jayagopal Serial actress death, friends mourn at her death ennu swatham sujatha film actor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented