-
അരങ്ങുകളിലെ വേറിട്ട ചിരിസാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കല്ലമ്പലം പുതുശ്ശേരിമുക്ക് വല്ലത്തുകോണം ചന്ദ്രികവിലാസത്തില് ഷാബുരാജ് (42). ചാനല്‍ വേദികളിലും ഉത്സവവേദികളിലും ഭാഷകൊണ്ടും ശരീരം കൊണ്ടും കാണികളെ നിര്‍ത്താതെ ചിരിപ്പിച്ച പ്രതിഭ. ഓര്‍ത്തോര്‍ത്ത് ചിരിക്കാനുളള വക മലയാളികള്‍ക്കു നല്കിയിട്ടാണ് ഷാബുരാജ് ചിരിയുടെയും ജീവിതത്തിന്റെയും അരങ്ങില്‍നിന്നു പിന്‍വാങ്ങിയത്.
ഒരുവര്‍ഷം മുമ്പ് സ്വകാര്യചാനലില്‍ ഷാബുരാജ് അവതരിപ്പിച്ച സൈക്കോചിറ്റപ്പന് എന്ന കഥാപാത്രം ചിരിയരങ്ങുകളിലെ വേറിട്ട കാഴ്ചയായിരുന്നു. ഭാഷാപ്രയോഗം കൊണ്ട് പ്രേക്ഷകരെ നിര്‍ത്താതെ ചിരിപ്പിക്കുകയാണ് അന്ന് ഷാബു ചെയ്തത്. ഭാഷകൊണ്ട് ഹാസ്യം സൃഷ്ടിക്കുന്നവര്‍ പലപ്പോഴും ദ്വയാര്‍ത്ഥപ്രയോഗത്തിലൂടെ അശ്ലീലം പറഞ്ഞാണ് ചിരിപ്പിച്ചിരുന്നതെങ്കില് അതില്‍നിന്നു വേറിട്ട് ഏറ്റവും നിഷ്കളങ്കമായി ഭാഷ പ്രയോഗിച്ചുകൊണ്ട് ചിരിയുടെ പൂരം തീര്‍ക്കാന്‍ ഷാബുവിന് കഴിഞ്ഞു.
സൈക്കോചിറ്റപ്പന്റെ ചോദ്യങ്ങള്‍ ഇന്നസന്റും ജഗദീഷും റിമിടോമിയും സായികുമാറും ബിന്ദുപണിക്കരും ഉള്‍പ്പെടെയുളള കാണികളെ നിര്‍ത്താതെ ചിരിപ്പിച്ചു. പിന്നീട് ആ പ്രകടനം യൂട്യൂബിലും ധാരാളമാളുകള്‍ കണ്ടു. സ്കൂള്‍ കലോത്സവവേദികളില്‍ മിമിക്രി, മോണോആക്ട്, നാടകം തുടങ്ങിയ പരിപാടികളിലൂടെയാണ് ഷാബു കലാരംഗത്തെത്തിയത്. പിന്നീട് ഉത്സവപ്പറമ്പുകളില്‍ ഒറ്റയ്ക്കും കൂട്ടുകാര്‍ക്കൊപ്പവും മിമിക്രി അവതരിപ്പിച്ചുകൊണ്ട് ഷാബുരാജ് തന്നിലെ കലാകാരനെ തേച്ചുമിനുക്കി.
20 വര്‍ഷമായി ഷാബു സ്റ്റേജുകളിലുണ്ട്. 12 വര്‍ഷമായി ചാനല്‍ പരിപാടികളിലും ചാനലുകളിലെ വിനോദപരിപാടികളിലെത്തിയതോടെയാണ് ഷാബുവിലെ കലാകാരനെ ലോകം അംഗീകരിച്ചു തുടങ്ങിയത്. നിര്ധനകുടുംബാംഗമാണ് ഷാബുരാജ്. ഭാര്യയും നാലുമക്കളുമടങ്ങുന്നതാണ് കുടുംബം. ഗ്രാമപ്പഞ്ചായത്തിന്റെ ഭവനപദ്ധതിപ്രകാരം ലഭിച്ച വീട്ടിലാണ് താമസം. ഭാര്യ ചന്ദ്രിക ആറുവര്‍ഷമായി ചികിത്സയിലാണ്. ഒരാളിന്റെ സഹായമില്ലാതെ ചന്ദ്രികയ്ക്ക് എഴുന്നേറ്റിരിക്കാന്‍ പോലുമാവില്ല. വരവുംചെലവും കൂട്ടിമുട്ടിക്കാനുളള നെട്ടോട്ടത്തിലായിരുന്നു ഷാബുരാജ്.
കലാപരിപാടികളില്ലാത്ത സമയത്തെല്ലാം മരപ്പണിയുള്പ്പെടെയുള്ള കൂലിപ്പണികള്ക്കുപോയി കുടുംബം നോക്കി. രണ്ടുദിവസം മുമ്പാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് ഷാബുവിനെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഥ പൂര്‍ത്തിയാക്കാതെ പെട്ടെന്നൊരുനിമിഷം നായകന് അരങ്ങില്‍ നിന്നിറങ്ങിപ്പോയതുകണ്ട് എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ചന്ദ്രികയും പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളും.
Content Highlights: Mimicry artist malayalam Shabhuraj, Famous for psycho chittappan character, family struggles after his death, shabu raj comedy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..