Lift Movie
കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും മുഖത്തേക്കടിക്കുന്ന അരണ്ട വെളിച്ചം. ഓഫീസിൽ നിങ്ങളല്ലാതെ വേറെ ആരുമില്ല. അല്പനേരം കഴിയുമ്പോളാണ് മനസിലാവുന്നത് ആ ഫ്ളോറിൽ നിങ്ങളല്ലാതെ മറ്റൊരാൾ കൂടിയുണ്ടെന്ന്. ആ വ്യക്തി നിങ്ങൾക്ക് അദൃശ്യനാണ്. അയാൾ പതിയെ ഭയപ്പെടുത്താൻ തുടങ്ങും. എത്ര ധൈര്യം സംഭരിച്ചാലും നിങ്ങൾ പോലുമറിയാതെ ഭയം നിങ്ങളെ കീഴ്പ്പെടുത്തും. രക്ഷപ്പെടാൻ ശ്രമിക്കും. പക്ഷേ അതിന് കഴിഞ്ഞില്ലെങ്കിൽ? നവാഗതനായ വിനീത് വരപ്രസാദ് സംവിധാനം ചെയ്ത ലിഫ്റ്റ് എന്ന തമിഴ് ഹൊറർ ത്രില്ലർ പറയുന്നതും ഇങ്ങനെ ഒരവസ്ഥയേക്കുറിച്ചാണ്.
ഒരു കോർപ്പറേറ്റ് ഓഫീസിൽ ടീം ലീഡർ ആയി ജോലിയിൽ പ്രവേശിക്കുന്ന ഗുരു, അതേ ഓഫീസിലെ എച്ച്.ആർ മാനേജർ ഹരിണി എന്നിവർക്ക് ഓഫീസിൽ ഒരു രാത്രി നേരിടേണ്ടിവരുന്ന അസ്വാഭാവിക സംഭവവികാസങ്ങളാണ് ലിഫ്റ്റ് എന്ന ചിത്രം. അതേ ഓഫീസിൽ ജോലി ചെയ്യുന്ന മറ്റാർക്കും അനുഭവപ്പെടാത്ത ഭയാനക നിമിഷങ്ങൾ എന്തുകൊണ്ടാണ് ഗുരുവിനും ഹരിണിക്കും മാത്രം സംഭവിക്കുന്നത് എന്നതാണ് ലിഫ്റ്റിൽ മറഞ്ഞിരിക്കുന്ന രഹസ്യം. ആദ്യ അര മണിക്കൂർ ചെറിയ തമാശകളൊക്കെയായി പോകുന്ന ചിത്രം പിന്നീടങ്ങോട്ട് ടോപ് ഗിയറിലാണ്.
ഗുരു അനുഭവിക്കുന്ന ഭയവും കിതപ്പും ഒരേ അളവിൽ ഓരോ ഫ്രെയിമിലും നിറഞ്ഞ് നിൽക്കുന്നുണ്ട്. പലയിടങ്ങളിലും സംഭാഷണങ്ങൾ പോലുമില്ലാതെ ക്യാമറയുടെ ചലനങ്ങളും പശ്ചാത്തല സംഗീതവും മാത്രം ഉപയോഗിച്ചാണ് സംവിധായകൻ ഭയം നിറയ്ക്കുന്നത്. ജമ്പ് സ്കെയർ രംഗങ്ങളിൽ ഗ്രാഫിക്സിന്റെ സഹായമില്ലാതെ പേടിപ്പിക്കുന്നതിൽ ലിഫ്റ്റ് വിജയിച്ചിട്ടുണ്ട്. കോർപ്പറേറ്റ് കമ്പനികളിൽ നടക്കുന്ന ചൂഷണങ്ങളും കുതികാൽവെട്ടുമാണ് അടിസ്ഥാനപരമായി ലിഫ്റ്റ് പങ്കുവെയ്ക്കുന്ന ആശയം. ജീവനക്കാരുടെ കഴിവുകൾ പരമാവധി ഊറ്റിയെടുത്ത ശേഷം നിഷ്കരുണം അവരെ പുറത്തേക്ക് ചവിട്ടിത്തെറിപ്പിക്കുന്ന ഐ.ടി മേഖലാ സ്ഥാപനങ്ങൾക്കെതിരെയാണ് ചിത്രത്തിന്റെ വിമർശനം.
തമിഴ് ബിഗ് ബോസിലൂടെ ശ്രദ്ധേയനായ കവിനും അമൃത അയ്യരുമാണ് പ്രധാന താരങ്ങൾ. ആദ്യ ചിത്രമാണെന്ന പരുങ്ങലൊന്നുമില്ല കവിന്. ഇരുട്ട് നിറഞ്ഞ ഓഫീസിനുള്ളിൽ അനുഭവിക്കേണ്ടിവരുന്ന ഭയം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് കവിനും അമൃതയും. ഇരുവരുടേയും കരിയറിൽ ഒരു ലിഫ്റ്റ് തന്നെയായിരിക്കും ഇതെന്ന് നിസ്സംശയം പറയാം. എസ്. യുവയുടെ ക്യാമറയും ബ്രിട്ടോ മൈക്കലിന്റെ സംഗീതവും തീർക്കുന്ന സിംഫണി ഭയത്തിന്റേതാണ്. അദൃശ്യ ശക്തിയുടെ കാലടി ശബ്ദം സിനിമ തീർന്നാലും കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.
പ്രവചനാത്മകമായ കഥയാണെങ്കിലും അവതരണത്തിലെ പുതുമകൊണ്ടാണ് ലിഫ്റ്റ് അതിനെ മറികടക്കുന്നതും വ്യത്യസ്തമായ ഹൊറർ കാഴ്ചാനുഭവമാവുന്നതും. ഒ.ടി.ടി റിലീസായി ഹോട്ട്സ്റ്റാറിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. തിയേറ്റർ അനുഭവം നഷ്ടം എന്ന് പറയാവുന്ന ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് ഒരു ചിത്രം കൂടി. അതാണ് ലിഫ്റ്റ്.
content highlights : Lift tamil horror movie review directed by Vineeth Varaprasad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..