-
കൊല്ലം അഞ്ചലിൽ പെൺകുട്ടിയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ വാർത്തയിൽ പ്രതികരണവുമായി അവതാരക അശ്വതി ശ്രീകാന്ത്.. പഴയ തലമുറയോട് ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും മകൾ കയറി ചെല്ലുന്ന വീട്ടിൽ ഒരു കുറവും വരാതിരിക്കട്ടെയെന്നു കരുതി ഉള്ളതെല്ലാം വിറ്റു പെറുക്കി മകളോടൊപ്പം കൊടുത്തു വിടുന്നവരാണ് ആ തലമുറയിലെ അച്ഛനമ്മമാരെന്നും അശ്വതി കുറിക്കുന്നു.
''അതുകൊണ്ട് പ്രിയപ്പെട്ട പെൺകുട്ടികളേ...നിങ്ങൾ ടീനേജിൽ സ്വപ്നം കാണും പോലെ പിന്നണിയിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉള്ള മധുര മനോഹര സ്വപ്നമൊന്നുമല്ല ജീവിതം. അവിടെ നാളെ എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കും അറിയില്ല. പഠിക്കുന്ന കാലത്ത് കഴിയുന്നത്ര പഠിക്കുക. പഠിക്കാൻ മിടുക്ക് കുറവാണെങ്കിൽ ഒരു കൈത്തൊഴിലെങ്കിലും നിർബന്ധമായും പഠിച്ചിരിക്കുക. ആരുമില്ലാതെയും നാളെ ജീവിക്കേണ്ടി വന്നേക്കാമെന്ന ബോധ്യം ഉണ്ടാക്കുക. പണം കൊടുത്താൽ കിട്ടിയേക്കാവുന്ന ‘നല്ല ബന്ധങ്ങൾ’ വേണ്ടന്ന് അന്തസ്സായി പറയുക. അതിനു വേണ്ടി പലിശക്കാർക്ക് മുന്നിൽ കൈനീട്ടരുതെന്ന് മാതാപിതാക്കളോടും- അശ്വതി പോസ്റ്റിൽ വ്യക്തമാക്കുന്നു
അശ്വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പഴയ തലമുറയോട് ഇനി പറഞ്ഞിട്ട് കാര്യമില്ല. ജോലിയില്ലാത്ത പെണ്ണിന് ചിലവിനു കൊടുക്കുന്നത് ഭർത്താവിന്റെ വലിയ ഔദാര്യമാണെന്ന് ധരിച്ച ഒരു കൂട്ടരാണവർ. ഭർത്താവിന്റെ വീട്ടിലെ ഓരോ വസ്തുവിലും ഇത് ‘നിന്റെ അച്ഛൻ കണ്ട മുതലല്ല’ എന്നൊരു അദൃശ്യമായ എഴുത്തുണ്ടാവും. അത് ശരിയാണല്ലോ എന്ന് തലകുനിച്ച് എല്ലാം ‘ഏട്ടന്റെ/ ഇച്ചായന്റെ/ ഇക്കാന്റെ’ നല്ല മനസ്സെന്ന് ഊറ്റം കൊള്ളുന്ന ഭാര്യമാർ അവർക്കിടയിൽ ഉണ്ട്. തന്നതൊന്നും പോരെന്ന് പറഞ്ഞ് വീട്ടുകാരെ പിഴിയാനിറങ്ങുന്ന പഴയ KPAC ലളിതാ/ബിന്ദു പണിക്കർ കഥാപാത്രങ്ങൾ ഇഷ്ടം പോലെയുണ്ടാവും അവർക്കിടയിൽ. മകൾ കയറി ചെല്ലുന്ന വീട്ടിൽ ഒരു കുറവും വരാതിരിക്കട്ടെയെന്നു കരുതി ഉള്ളതെല്ലാം വിറ്റു പെറുക്കി മകളോടൊപ്പം കൊടുത്തു വിടുന്നവരാണ് ആ തലമുറയിലെ അച്ഛനമ്മമാർ.
കുറ്റമല്ല... അവർക്ക് അങ്ങനെ ചിന്തിക്കാനേ കഴിയൂ... സ്നേഹം കൊണ്ടാണ്.
അതുകൊണ്ട് പറയാനുള്ളത് ഇനിയും വിവാഹിതരാവാത്ത പെൺകുട്ടികളോടാണ്...
വീട്ടിൽ വന്ന് പഴയ പത്രക്കടലാസ് എടുക്കുന്നവർ പോലും നമുക്ക് ഇങ്ങോട്ടാണ് പണം തരാറ്. അത് ഒഴിവാക്കേണ്ടത് വീട്ടുകാരുടെ ആവശ്യമാണെങ്കിൽ കൂടി. അപ്പോൾ അങ്ങോട്ട് പണം കൊടുത്ത്, പൊന്നു കൊടുത്ത് തൃപ്തിയാകുമ്പോൾ കൂടെ കൊണ്ട് പോകേണ്ടത്ര വില കുറഞ്ഞ ഒരു വസ്തുവല്ല നിങ്ങളെന്ന ബോധ്യം ഉണ്ടാവണം.
കോളേജിൽ പഠിക്കുന്ന കാലത്ത് പല കൂട്ടുകാരും പറഞ്ഞു കേട്ടിട്ടുണ്ട് എങ്ങനെയെങ്കിലും ഒന്ന് കല്യാണം കഴിഞ്ഞ് പോയാൽ മതിയായിരുന്നു എന്ന്. അവരെ സംബന്ധിച്ചിടത്തോളം അത് എഴുതി തീരാത്ത പ്രോജെക്റ്റുകളിൽ നിന്നും എണ്ണിയാൽ തീരാത്ത സെമിനാറുകളിൽ നിന്നുമുള്ള രക്ഷപെടലുകൾ ആയിരുന്നു. വിവാഹിതയായി, അമ്മയായി, കുഞ്ഞുങ്ങളെ പെറ്റു വളർത്തി, സ്നേഹനിധിയായ ഭാര്യയായി, മരുമകളായി കഴിയുക എന്നത് അവരെ സംബന്ധിച്ച് വിദൂരമല്ലാത്ത ഒരു മനോഹര സ്വപ്നമായിരുന്നു. ഉദ്യോഗസ്ഥ ആവുക എന്ന ഓപ്ഷൻ ഉണ്ടായിരുന്നിട്ട് കൂടി സൗകര്യ പൂർവം കുടുംബത്തിൽ മാത്രം ഒതുങ്ങാൻ ഇഷ്ട്ടപെട്ടവർ.
അന്ന് കൗമാരത്തിന്റെ തുടുപ്പു മായും മുൻപേ കല്യാണ പന്തലിലേക്ക് തുള്ളിച്ചാടി പോയ പലരും ഇന്ന് frustrated housewives ആണ്. ഓരോ ഫോൺവിളികളുടെ അവസാനവും “നീയെങ്കിലും രക്ഷപെട്ടല്ലോടീ...സന്തോഷം ഉണ്ടെന്ന്” വീർപ്പടക്കി പറഞ്ഞു വയ്ക്കുന്നവർ.
ആ തിരഞ്ഞെടുപ്പിൽ സന്തോഷപൂർവം ജീവിക്കുന്നവരുമുണ്ട്.
ബന്ധം വേർപെടുത്തി തിരികെ നടന്ന് വീട്ടുകാരെ ആശ്രയിച്ച് കഴിയുന്നവരുണ്ട്.
അകാലത്തിൽ ഭർത്താവ് മരണപ്പെട്ടപ്പോൾ പാതിവഴിയിൽ പകച്ച് നിന്നവളുണ്ട്.
ഇഷ്ടമില്ലാത്ത വിവാഹത്തിന് വഴങ്ങി ഇന്നും കണ്ണീരുമായി ‘മക്കളെയോർത്ത്’ ജീവിച്ച് തീർക്കുന്നവരുണ്ട്...
അതുകൊണ്ട് പ്രിയപ്പെട്ട പെൺകുട്ടികളേ...
നിങ്ങൾ ടീനേജിൽ സ്വപ്നം കാണും പോലെ പിന്നണിയിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉള്ള മധുര മനോഹര സ്വപ്നമൊന്നുമല്ല ജീവിതം. അവിടെ നാളെ എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കും അറിയില്ല. Equipped ആവുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം.
പഠിക്കുന്ന കാലത്ത് കഴിയുന്നത്ര പഠിക്കുക. പഠിക്കാൻ മിടുക്ക് കുറവാണെങ്കിൽ ഒരു കൈത്തൊഴിലെങ്കിലും നിർബന്ധമായും പഠിച്ചിരിക്കുക. ആരുമില്ലാതെയും നാളെ ജീവിക്കേണ്ടി വന്നേക്കാമെന്ന ബോധ്യം ഉണ്ടാക്കുക.
പണം കൊടുത്താൽ കിട്ടിയേക്കാവുന്ന ‘നല്ല ബന്ധങ്ങൾ’ വേണ്ടന്ന് അന്തസ്സായി പറയുക. അതിനു വേണ്ടി പലിശക്കാർക്ക് മുന്നിൽ കൈനീട്ടരുതെന്ന് മാതാപിതാക്കളോടും.
കല്യാണ ചിലവിലേയ്ക്ക് അച്ഛനമ്മമാർ ഉറുമ്പു കൂട്ടും പോലെ കരുതിവയ്ക്കുമ്പോൾ എന്റെ വിവാഹത്തിന്റ ചിലവ് ഞാൻ തന്നെ വഹിച്ചോളാം എന്ന് പറയാൻ പറ്റുന്ന എത്ര പെണ്‍കുട്ടികളുണ്ട് നമുക്കിടയിൽ !! വിവാഹ സ്വപ്നങ്ങൾ കാണുമ്പോൾ അങ്ങനെയൊന്നു കൂടി കാണാൻ പഠിക്കൂ..
Content Highlights : Kollam uthra snake bite muder Aswathy Sreekanth Facebook post against dowry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..