പ്രതീകാത്മക ചിത്രം| വര-മദനൻ
തിരുവനന്തപുരം: സ്ത്രീവിരുദ്ധതയും അവിഹിതബന്ധങ്ങളും ‘പ്രൈം ടൈമിൽ’ വീടുകളിലെത്തിക്കുന്ന ടെലിവിഷൻ സീരിയലുകൾക്കെതിരേ കടുത്ത നിലപാടുമായി സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി.
കുടുംബത്തോടൊപ്പമിരുന്ന് കാണാൻ പാടില്ലാത്തവിധം നിലവാരത്തകർച്ചയിലാണ് മലയാളത്തിലെ സീരിയലുകളെന്നു കാട്ടി ഇത്തവണയും സീരിയലുകൾക്ക് പ്രധാന പുരസ്‌കാരങ്ങൾ നൽകിയില്ല. സ്ത്രീധനപീഡനമടക്കം വർധിക്കുന്നതിനു പിന്നിൽ ഇത്തരം പരമ്പരകളുടെ സ്വാധീനമുണ്ടെന്നും ജൂറി നിരീക്ഷിച്ചു. ഇതിൽ ഗൗരവമായ ഇടപെടലുണ്ടാകണമെന്ന നിർദേശവും ജൂറി സർക്കാരിനു സമർപ്പിച്ചു.
മുൻവർഷവും നിലവാരത്തകർച്ച ചൂണ്ടിക്കാട്ടി സീരിയലുകൾക്ക് അവാർഡ് നൽകിയിരുന്നില്ല. ഇത്തവണ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ, കലാസംവിധായകൻ തുടങ്ങിയ അവാർഡുകളിലാണ് സീരിയലുകളെ തഴഞ്ഞത്. 39 എൻട്രികളാണ് ഈ വിഭാഗത്തിൽ ലഭിച്ചത്. ഇവയെല്ലാം സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചവയാണെന്ന് ജൂറി അംഗങ്ങൾ പറഞ്ഞു.
പലതിലും 10 വയസ്സിനു താഴെയുള്ള കുട്ടികളെപ്പോലും മോശമായി ചിത്രീകരിച്ചിട്ടുണ്ട്. കുട്ടികൾക്കുവേണ്ടിയുള്ള ഹ്രസ്വചിത്ര വിഭാഗത്തിൽ ഒരു എൻട്രിപോലും സമർപ്പിക്കപ്പെട്ടുമില്ല. എല്ലാ മേഖലയിലും സമൂഹം മുന്നോട്ടുപോയിട്ടും സീരിയലുകൾ 50 വർഷം പിന്നിലേക്കാണ് പോകുന്നതെന്ന് ജൂറി ചെയർമാൻ ആർ. ശരത് ‘മാതൃഭൂമി’യോടു പറഞ്ഞു.
ഒട്ടുമിക്കവയിലും സാഹിത്യ, സംഗീത ഭംഗിയില്ലെന്നും വിലയിരുത്തലുണ്ടായി. സാങ്കേതിക മികവുമില്ല. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്നു കാണുന്ന മാധ്യമമെന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകൾ കൂടുതൽ ഉത്തരവാദിത്വം പുലർത്തണം. വൈവിധ്യവും നിലവാരവുമുള്ള സൃഷ്ടികളെ പ്രോത്സാഹിപ്പിക്കാൻ പുരസ്കാരത്തുക വർധിപ്പിക്കണമെന്നും ഇക്കാര്യങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും നിർദേശമുണ്ട്.
Content Highlights: Kerala state Television awards jury condemn misogyny domestic violence in serials, No Awards for best serials
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..