കെബിസിയിൽ അഞ്ച് കോടി നേടിയ സുശീൽ കുമാർ അമിതാഭ് ബച്ചനൊപ്പം
ഒരു സുപ്രഭാതത്തില്‍ കോടിപതിയായാല്‍ എന്തു സംഭവിക്കും? ചോദ്യം ലളിതവും എന്നാല്‍, അതിനുള്ള ഉത്തരം സങ്കീര്‍ണവുമാണ്. നിങ്ങളുടെ നേട്ടത്തെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ടേക്കാം, ഒടുവില്‍ പരാജയത്തിലേക്കും. അത്തരത്തിലുള്ള ഒരു കഥയാണ് സുശീല്‍ കുമാറിന്റേത്.
അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന കോന്‍ ബനേഗ ക്രോര്‍പതി എന്ന റിയാലിറ്റി ഷോയില്‍ അഞ്ച് കോടി രൂപയുടെ വിജയം കരസ്ഥമാക്കിയ വ്യക്തിയാണ് സുശില്‍ കുമാര്‍. ബിഹാര്‍ സ്വദേശിയായ സുശില്‍ 2011-ലാണ് സ്വപ്‌നതുല്യമായ നേട്ടത്തിലേക്ക് നടന്നു കയറിയത്. എന്നാല്‍, ഒരൊറ്റ രാത്രികൊണ്ട് സ്വന്തമാക്കിയ പ്രശസ്തിയും പണവും വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ സുശില്‍ കുമാര്‍ പരാജയപ്പെട്ടു. ഒടുവില്‍ ജീവിതം തന്നെ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തി. താന്‍ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് സുശീല്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുന്നതിങ്ങനെ....
5 കോടിയുടെ മിന്നുന്ന വിജയം. ഇത്രയും വലിയ തുക എന്തു ചെയ്യണമെന്ന് എനിക്കറിയുമായിരുന്നില്ല. ഷോയിലെ വിജയം എന്നെ ഒരു ലോക്കല്‍ സെലിബ്രിറ്റിയാക്കി. ദിവസേന പത്തോളം പരിപാടികളില്‍ അതിഥിയായിരിക്കും. അധ്യാപകനാകണമെന്ന് സ്വപ്‌നം കണ്ടു ജീവിച്ച ഞാന്‍ പതിയെ അതില്‍നിന്ന് പിന്‍വലിഞ്ഞു.
മറ്റുള്ളവര്‍ക്ക് സംഭാവനകള്‍ കൊടുക്കുവാനും ഞാന്‍ മടിച്ചില്ല. എന്റെ പക്കല്‍ ആവശ്യത്തില്‍ കൂടുതല്‍ പണമുണ്ടല്ലോ എന്ന തോന്നലായിരുന്നു. പലരും എന്നെ ചൂഷണം ചെയ്തു. അതിന്റെ പേരില്‍ ഞാനും ഭാര്യയും വഴക്കിടുന്നത് പതിവായിരുന്നു. എനിക്ക് നല്ലവരെയും മോശക്കാരെയും തിരിച്ചറിയാനുള്ള കഴിവില്ലെന്ന് ഭാര്യ പറയുമായിരുന്നു. എന്നാല്‍ ഞാന്‍ അവരെ അവഗണിച്ചു. ഒടുവില്‍ ഭാര്യയും ഞാനും പരസ്പരം അകന്നു.
മാധ്യമരംഗത്ത് ഞാന്‍ പണം നിക്ഷേപിച്ചു. ബിസിനസിന്റെ ഭാഗമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളുമായും പരിചയപ്പെട്ടു. എന്നാല്‍ അവര്‍ സംസാരിക്കുന്ന വിഷയങ്ങളിലൊന്നും എനിക്ക് പരിജ്ഞാനമില്ല. അതില്‍ നിന്നുണ്ടായ അപകര്‍ഷതാബോധം എന്നെ മദ്യപാനത്തിലും പുകവലിയിലും കൊണ്ടെത്തിച്ചു.
ഒരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നെ ഫോണില്‍ ബന്ധപ്പെട്ടു. അയാളുടെ ചില ചോദ്യങ്ങള്‍ എന്നെ ക്ഷുഭിതനാക്കി. ആ ദേഷ്യത്തില്‍ ഞാന്‍ അയാളോട് പറഞ്ഞു, എന്റെ കയ്യിലെ പണമെല്ലാം തീര്‍ന്നു, രണ്ടു പശുക്കളുണ്ട്, അവയുടെ പാല്‍ വിറ്റാണ് ജീവിക്കുന്നതെന്ന്. അയാള്‍ അത് അതേപടി എഴുതി. പിന്നീട് എന്നെ പരിപാടികള്‍ക്കൊന്നും വിളിക്കാതെയായി. അതോടെ സാമ്പത്തികമായി തകര്‍ന്നു.
സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ മുംബൈയിലെത്തി. ഒരു സംവിധായകനാകണമെന്നതായിരുന്നു സ്വപ്നം. എന്നാല്‍ അവിടെ ഒരു മുറിയില്‍ പുസ്തകങ്ങള്‍ വായിച്ചും സിനിമകള്‍ കണ്ടും സമയം തീര്‍ത്തു. ദിവസേന ഒരോ പാക്കറ്റ് സിഗററ്റ് ഞാന്‍ വലിക്കുമായിരുന്നു. ആറ് മാസം ഞാന്‍ അങ്ങനെ അവിടെ കഴിച്ചു കൂട്ടി. ആ സമയത്ത് ഞാന്‍ എന്റെ ജീവിതത്തിലേക്ക് പതിയെ തിരിഞ്ഞു നോക്കി. എനിക്കെന്താണ് സംഭവിച്ചതെന്ന് മനസ്സിലായി. അതിനിടയില്‍ ഞാന്‍ മൂന്ന് തിരക്കഥ എഴുതുകയും അതൊരു നിര്‍മാണ കമ്പനി സ്വീകരിക്കുകയും ചെയ്തു. പ്രതിഫലമായി 20,000 രൂപ തന്നു. ആ പണവുമായി ഞാന്‍ നാട്ടിലേക്ക് തിരിച്ചു.
ആറ് മാസത്തെ മുംബൈ ജീവിതം എന്നെ പലതും പഠിപ്പിച്ചു. സംവിധാനത്തിന്റെ പേരില്‍ മുംബൈയിലേക്ക് ഒളിച്ചോടിയത് ജീവിത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമുള്ളതു കൊണ്ടായിരുന്നു. അല്ലാതെ ആഗ്രഹം കൊണ്ടായിരുന്നില്ല. സന്തോഷം ഒരിക്കലും പണം കൊടുത്തു വാങ്ങാന്‍ പറ്റില്ലെന്ന ബോധ്യം വൈകിയാണെങ്കിലും എന്നെ തേടിയെത്തി. ആദ്യപടിയെന്നോണം ഞാന്‍ വിട്ടുകളഞ്ഞ അധ്യാപന ജോലിയിലേക്ക് പ്രവേശിക്കാനുള്ള പരീക്ഷ എഴുതുകയും അതില്‍ വിജയിക്കുകയും ചെയ്തു. എന്നെ പിടികൂടിയ മദ്യപാനവും പുകവലിയും പാടെ ഉപേക്ഷിച്ചു. അധ്യാപനത്തോടൊപ്പം ഇന്ന് പരിസ്ഥിതി പ്രവര്‍ത്തനവും ഒരുപോലെ കൊണ്ടുപോകുന്നു. ഇന്ന് ഞാന്‍ വളരെ സന്തോഷകരമായ ജീവിതം നയിക്കുന്നു.
Content Highlights: KBC 5 Rs 5 crore winner Sushil Kumar revealed how he got addicted to alcohol lost all Money, Life story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..