സിറ്റഡെലിന്റെ ഏഷ്യ-പസിഫിക് പ്രീമിയർ ചടങ്ങിൽ നിന്ന്
മുംബൈ: പ്രൈം വീഡിയോസിന്റെ ആഗോള സ്‌പൈ സീരീസ് സിറ്റഡെലിന്റെ ഏഷ്യ-പസിഫിക് പ്രീമിയർ മുംബൈയിൽ നടന്നു. പ്രീമിയറിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ പരമ്പരയിലെ പ്രധാന താരങ്ങളായ റിച്ചാർഡ് മാഡൻ, പ്രിയങ്ക ചോപ്ര എന്നിവർ പങ്കെടുത്തു. പരമ്പരയുടെ നിർമാണത്തിലെ വിവിധ ഘട്ടങ്ങൾ താരങ്ങൾ വിവരിച്ചു. ആമസോൺ സ്റ്റുഡിയോസ്, റൂസോ സഹോദരങ്ങളുടെ അഗ്‌ബോ, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസറും ഷോ റണ്ണറുമായ ഡേവിഡ് വീൽ എന്നിവർ ചേർന്ന് ഒരുക്കുന്ന പരമ്പരയുടെ ആദ്യ രണ്ട് എപ്പിസോഡുകൾ ഏപ്രിൽ 28-നും തുടർന്ന് മേയ് 26 മുതൽ ആഴ്ചതോറും ഓരോ എപ്പിസോഡ് വീതവും ഇറങ്ങും.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിറ്റഡെലിന്റെ ഏഷ്യ-പസിഫിക് പ്രീമിയർ മുംബൈയിൽ നടത്താനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രൈം വീഡിയോ ഏഷ്യാ-പസിഫിക് വൈസ് പ്രസിഡന്റ് ഗൗരവ് ഗാന്ധി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ കഥ പറയുന്ന സിറ്റഡെൽ കഥ പറച്ചിലിൽ പുതിയ പരീക്ഷണമാണെന്നും അതിർത്തികളില്ലാത്ത വിനോദം എന്ന ആശയത്തിന് കരുത്ത് പകരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രൈം വീഡിയോസിന്റെ ഇന്ത്യയിലെ ഉപഭോക്താക്കളിൽ 75 ശതമാനത്തിലേറെ രാജ്യാന്തര ഷോകൾ ഇംഗ്ലിഷിലും പ്രാദേശിക ഭാഷകളിലും കാണുന്നവരാണെന്ന് പ്രൈം വീഡിയോ കൺട്രി ഡയറക്ടർ സുശാന്ത് ശ്രീറാം പറഞ്ഞു. ഇത് കണക്കിലെടുത്ത് സിറ്റഡെൽ ഇംഗ്ലിഷിനും ഹിന്ദിക്കും പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും പരമ്പര ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആമസോൺ പ്രതിനിധീകരിക്കുന്ന വൈവിധ്യത്തിന്റെ സന്ദേശം അന്വർഥമാക്കുന്നതാണ് സിറ്റഡെൽ എന്ന് പരമ്പരയിൽ നാദിയ സിൻഹയെ അവതരിപ്പിക്കുന്ന പ്രിയങ്ക ചോപ്ര പറഞ്ഞു. ഈ പരമ്പര രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും അതിർത്തികൾ ഭേദിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.
ഏറെ ശാരീരികക്ഷമത ആവശ്യമുണ്ടായിരുന്ന പരമ്പരയാണ് സിറ്റഡെൽ എന്ന് അതിൽ മേസൻ കേനിനെ അവതരിപ്പിക്കുന്ന റിച്ചാർഡ് മാഡൻ പറഞ്ഞു. സംഘട്ടന രംഗങ്ങൾക്ക് പുറമേ നൃത്തത്തിനും ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റൂസോ സഹോദരങ്ങളുടെ അഗ്‌ബോയും ഷോ റണ്ണറായ ഡേവിഡ് വീല്ലും എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറാകുന്ന സിറ്റഡെലിൽ റിച്ചാർഡ് മാഡൻ, പ്രിയങ്ക ചോപ്ര എന്നിവരെ കൂടാതെ സ്റ്റാൻലി ടൂച്ചി, ലെസ്ലി മാൻവിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആകെ ആറ് എപ്പിസോഡുകളാണ് പരമ്പരക്കുള്ളത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറ്റ് രാജ്യാന്തര ഭാഷകളിലായി 240 രാജ്യങ്ങളിൽ പരമ്പര കാണാനാകും.
Content Highlights: citadel web series, priyanka chopra and richard madden, amazon prime series


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..