-
മാതൃദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് അവതാരക അശ്വതി ശ്രീകാന്ത്. പണ്ട് എല്ലാ കാര്യത്തിലും കാർക്കശ്യം കാണിച്ചിരുന്ന തന്റെ അമ്മയെക്കുറിച്ചും താനെന്ന അമ്മയെക്കുറിച്ച് മകൾ പത്മയ്ക്കുള്ള കാഴ്ച്ചപാടുമാണ് അശ്വതി കുറിച്ചിരിക്കുന്നത്. പത്മ ബാഡ് മോം എന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോഴും എനിക്ക് സങ്കടം തോന്നാറില്ല. ഇങ്ങനെ ചില ബാഡ് മദേഴ്സാണ് ആത്മാഭിമാനമുള്ള, ആത്മവിശ്വാസമുള്ള, ആരോഗ്യമുള്ള മക്കളെ വളർത്തിയെടുത്തിട്ടുള്ളത്. പത്മ നാളെ മാറ്റിപ്പറഞ്ഞോളും...ഇന്ന് ഞാൻ പറയുന്നത് പോലെ..അശ്വതി കുറിക്കുന്നു
അശ്വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഞാൻ എന്തിനെങ്കിലും നോ എന്ന് പറഞ്ഞാൽ ഉടനെ എന്റെ മകൾ തിരിഞ്ഞ് നിന്ന് പറയും...അമ്മാ...യു ആർ എ ബാഡ് മോം. ഓഹ്...ശരി...ആയിക്കോട്ടേന്നു ഞാനും.
അല്ലേലും എനിക്കും പണ്ട് എന്റെ അമ്മയെ പറ്റി വല്യ അഭിപ്രായമൊന്നുമില്ലാരുന്നു. ഓടി വീണു മുട്ട് പൊട്ടിച്ച് ചോരയൊലിപ്പിച്ച് ചെന്നാലും ’അയ്യോ ന്റെ മോള് വീണോ’ന്ന് നിലവിളിച്ച് കേട്ടിട്ടില്ല. ഇത്രേയുള്ളോ...പിള്ളേരാവുമ്പോ വീണെന്നൊക്കെയിരിക്കും എന്ന് പ്രഖ്യാപിച്ച് ഡെറ്റോളും പഞ്ഞിയും ബെറ്റാഡിനും എടുക്കാൻ പോകും നഴ്സമ്മ.
ആൺപിള്ളേര് കളിയാക്കിയെന്ന് മുഖം വീർപ്പിച്ച് ചെന്നാൽ ‘ആരാ എന്റെ കൊച്ചിനെ കളിയാക്കിയേ...അമ്മ ചോദിക്കാം ന്ന്’ ഒരിക്കലും പറഞ്ഞിട്ടില്ല. നിന്റെ വായിൽ നാക്കില്ലാരുന്നോ തിരിച്ച് രണ്ടെണ്ണം പറയാൻ എന്നേ ചോദിച്ചിട്ടുള്ളൂ.
എനിക്കീ കറി വേണ്ടാന്നു പറയുമ്പോൾ ‘എന്നാ മോൾക്കൊരു മുട്ട പൊരിച്ച് തരട്ടേ’ എന്ന ഓപ്ഷൻ ഒരിക്കലും തന്നിട്ടില്ല. അവനവന്റെ വീട്ടിൽ ഉള്ളത് കഴിച്ച് പഠിക്കണം എന്ന് വാശി കാണിച്ചിട്ടേ ഉള്ളൂ.
ഹോസ്റ്റലിൽ നിൽക്കുമ്പോൾ ഹോം സിക്നെസ്സ് കൊണ്ട് അമ്മയെ ഫോണിൽ വിളിച്ച് വിങ്ങിപ്പൊട്ടി എനിക്ക് വീട്ടിൽ വരണമെന്ന് പറഞ്ഞപ്പോൾ ‘എന്നാ എന്റെ മോളിങ്ങു പോരേ’ എന്ന് പറഞ്ഞില്ല. ‘പഠിക്കാൻ പോയാൽ അവിടെ നിന്ന് പഠിക്കണം’ എന്ന് കർക്കശക്കാരിയായിട്ടേയുള്ളൂ
അനിയന്റെ കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നാൽ അവന്റെ പങ്ക് ആദ്യം തീർത്ത് എന്റെ പാത്രത്തിലേക്ക് കൈ നീളുമെന്ന് ഉറപ്പുള്ളപ്പോൾ എനിക്കൊരു പങ്ക് വേറെ അടുക്കളയിൽ മൂടി വച്ചിട്ടുണ്ടാകും എന്നതായിരുന്നു ആകെയുള്ളൊരു സ്നേഹ പ്രകടനം- വറുത്ത മീനായാലും പഴം പൊരിയായാലും. തലമുറകളെ പെറ്റു വളർത്തേണ്ട പെണ്ണുങ്ങൾക്കാണ് ആരോഗ്യം കൂടുതൽ വേണ്ടതെന്ന അമ്മയുടെ വിശ്വാസത്തിൽ അന്നൊരു ഫെമിനിസ്റ്റിനെ ഞാൻ കണ്ടിരുന്നില്ല.
ഇന്നിപ്പോ ലോകത്ത് എവിടെയായിരുന്നാലും എനിക്കൊരു സങ്കടം വന്നാൽ തൊട്ടടുത്തുള്ള ഭർത്താവ് പോലും അറിയും മുൻപ് പാലായിൽ നിന്നൊരു ഫോൺ വരും...നിനക്കെന്നാടി വല്ല വിഷമോമുണ്ടോ? എനിക്ക് അങ്ങനെ ഒരു തോന്നൽ എന്ന് പറയും അമ്മ...!!
അതുകൊണ്ട് തന്നെ പത്മ ബാഡ് മോം എന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോഴും എനിക്ക് സങ്കടം തോന്നാറില്ല. ഇങ്ങനെ ചില ബാഡ് മദേഴ്സാണ് ആത്മാഭിമാനമുള്ള, ആത്മവിശ്വാസമുള്ള, ആരോഗ്യമുള്ള മക്കളെ വളർത്തിയെടുത്തിട്ടുള്ളത്. പത്മ നാളെ മാറ്റിപ്പറഞ്ഞോളും...ഇന്ന് ഞാൻ പറയുന്നത് പോലെ ❤️ Happy Mother’s day to all the super moms...
Content Highlights : Aswathy Sreekanth On Mothers Day Anchor Tv host Aswathy Family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..