'ആന്തം ഫോർ കശ്മീർ' സിനിമയിലെ ഒരു രംഗം
370-ാം അനുച്ഛേദം റദ്ദാക്കിയശേഷമുളള കശ്മീർ ജനതയുടെ ജീവിതാവസ്ഥ വരച്ചുകാട്ടുന്ന ഹ്രസ്വ ചിത്രം 'ആന്തം ഫോർ കശ്മീർ' ശ്രദ്ധേയമാവുന്നു. നിരവധി ഹ്രസ്വചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ കൊച്ചി സ്വദേശി സന്ദീപ് രവീന്ദ്രനാണ് ചിത്രം' സംവിധാനം ചെയ്തിരിക്കുന്നത്. കശ്മീരിലെ തിരോധാനങ്ങളും വ്യാജ ഏറ്റുമുട്ടലുകളും, അവ ജനങ്ങളിൽ ഉണ്ടാക്കുന്ന ആശങ്കകളുമാണ് ചിത്രം പങ്കുവയ്ക്കാൻ ശ്രമിക്കുന്നത്.
പ്രശസ്ത സംവിധായകൻ ആനന്ദ് പട്വർദ്ധൻ, കർണാടക സംഗീതജ്ഞൻ ടിഎം കൃഷ്ണ എന്നിവർ ചേർന്നാണ് ഒമ്പത് മിനിറ്റുള്ള ചിത്രം പ്രക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. മേയ് ഒന്നിന് 370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ 1,000 ദിവസം പൂർത്തിയായതിനോടനുബന്ധിച്ചാണ് ചിത്രം എത്തിച്ചിരിക്കുന്നത്. സായുധ സേനയുടെ പ്രത്യേക അധികാര നിയമം (ആംഡ് ഫോഴ്സ് സ്പെഷ്യൽ പവേഴ്സ് ആക്റ്റ്) ഉള്ള പ്രദേശങ്ങളിലാണ് ചിത്രം പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്.
കശ്മീരിലെ സുഖകരമല്ലാത്ത സാഹചര്യങ്ങൾ പറയുന്നിടത്ത് തമിഴ് ഗാനമാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. സയ്യിദ് അലി, അബി അബ്ബാസ് എന്നിവരുടെ വരികൾക്ക് രവീന്ദ്രനാഥും സുദീപ് ഘോഷും ചേർന്നാണ് സംഗീതം നൽകിയത്. കോവിഡ് മഹാമാരിയും പ്രദേശത്തെ നിയന്ത്രണങ്ങളുമെല്ലാം ചിത്രീകരണത്തിന് വെല്ലുവിളികളായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു. "അവിടെയുള്ള ആളുകൾ അവർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾക്കിടയിലും അങ്ങേയറ്റം പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു." അദ്ദേഹം കൂട്ടിച്ചേർത്തു.
ഹനാൻ ബാബ, ഷെയ്ഖ് നീലോഫർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: Anthem For Kashmir, New Short Film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..