അൽവാരോ മോർട്ടെ| Photo: https:||www.instagram.com|p|B_M-cJnIChx|
മണി ഹൈയ്സ്റ്റ് എന്ന വെബ് സീരീസിലൂടെ ശ്രദ്ധനേടിയ നടനാണ് അല്‍വാരോ മോര്‍ട്ടെ. സീരീസിലെ പ്രൊഫസര്‍ എന്ന കഥാപാത്രം ലോകമൊട്ടാകെയുള്ള പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിക്കഴിഞ്ഞു.
ഇന്ത്യയിലെയും സ്ഥിതി മറിച്ചല്ല. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ഈ സ്പാനിഷ് വെബ് സീരീസിന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്. തന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് അല്‍വാരോ മോര്‍ട്ടെ നന്ദി പറയുന്നു. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് ഇന്ത്യയില്‍ നിന്ന് ഒട്ടനവധിപേരാണ് സന്ദേശങ്ങള്‍ അയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സീരീസിലെ അഞ്ചാം സീസണിന്റെ ചിത്രീകരണം ഈയിടെയാണ് അവസാനിച്ചത്. പത്ത് എപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹൈയ്സ്റ്റിന് അവസാനമാകുമെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കുന്നു. സീരീസിലെ ഏറ്റവും സംഘര്‍ഭരിതമവും ചെലവേറിയതുമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിന് കൊള്ളയടിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3,4 സീസണുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നില്ക്കുന്നതോടെയാണ് 4-ാമത്തെ സീസണ് അവസാനിച്ചത്.
2017-ലാണ് മണിഹെയ്സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് 'ലാ കാസ ഡി പാപ്പല്‍' എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്ളിക്സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹൈയ്സ്റ്റ് എന്ന പേരില്‍ പുറത്തിറക്കി. വൈകാതെ മണി ഹൈയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.
2020-ല്‍ നാലാം സീസണിലെത്തിയപ്പോള്‍ ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹൈയ്സ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍. അതിനാല്‍ തന്നെ നെറ്റ്ഫ്ളിക്സിന്റെ അഭ്യര്‍ഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസണ് മുതല്‍ ബിഗ് ബജറ്റിലാണ് സീരിസ് നിര്‍മിച്ചത്.
Content Highlights: Álvaro Morte Would like to visit India, Money Heist season 5 Release, Professor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..