വിന്‍ ഡീസലും ബോളിവുഡിന്റെ സ്വന്തം ദീപിക പദുക്കോണും ഒന്നിച്ച ട്രിപ്പിള്‍ എക്സ്: ദ റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജില്‍ ബ്രസീലിയന്‍ ഫുട്ബോൾ സൂപ്പര്‍താരം നെയ്മറും. ഫുട്‌ബോള്‍ അടിച്ചു പറത്തുന്ന ശൈലിയില്‍ നെയ്മര്‍ ഒരാളെ പെട്ടി കൊണ്ട് വീഴ്ത്തുന്നതാണ് ട്രെയിലറില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിലെ അഭിനേതാക്കള്‍ എല്ലാവരും ഒന്നിക്കുന്ന ട്രെയിലര്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമൃദ്ധമാണ്. ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ ഡി.ജെ. കാരുസോയാണ് ചിത്രത്തിന്റെ സംവിധായകന്‍.

എന്‍.എസ്.എ. ചാരനായ സാന്‍ഡര്‍ കേജിന്റെ അതിസാഹസിക ദൗത്യങ്ങളുടെ കഥ പറയുന്ന ട്രിപ്പിള്‍ എക്സിന്റെ ആദ്യ പതിപ്പ് 2002ലാണ് പുറത്തിറങ്ങിയത്. 2005ല്‍ ട്രിപ്പിള്‍ എക്സ്: സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ എന്ന പേരില്‍ ഇതിന്റെ രണ്ടാം പതിപ്പ് ഇറങ്ങി. ആദ്യ ചിത്രത്തില്‍ വിന്‍ ഡീസലും രണ്ടാമത്തേതില്‍ ഐസ് ക്യൂബുമായിരുന്നു നായകര്‍.