ഫിറ്റ്‌നസിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ മറ്റേത് താരങ്ങളേക്കാളും മുന്‍പന്തിയിലാണ് ശില്‍പ എന്നും. എന്നാല്‍, ആരോഗ്യ സംരക്ഷണത്തിനും ശരീരസൗന്ദര്യ സംരക്ഷണത്തിനും കുറുക്കുവഴികളൊന്നും തന്നെയില്ലെന്നും വിശ്വസിക്കുന്ന ആളാണ് ശില്‍പ. ഇതിനുള്ള ഏറ്റവും വലിയൊരു തെളിവാണ് ഇയ്യിടെ മിഡ് ഡെ പുറത്തുവിട്ട വാര്‍ത്ത.

മിഡ് ഡേയുടെ വാര്‍ത്ത അനുസരിച്ച്  ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള വമ്പന്‍ ഓഫര്‍ തള്ളിക്കളഞ്ഞിരിക്കുകയാണ് ശില്‍പ. പത്ത് കോടിയുടെ പ്രതിഫലമാണ് ശില്‍പ വേണ്ടെന്നുവച്ചത്. ഈ ഓഫര്‍ തള്ളിക്കളഞ്ഞതിന് കാരണമായി ശില്‍പ പറഞ്ഞ കാര്യമാണ് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്.

ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ എനിക്കാവില്ല. മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. ജീവിതചര്യ ചെറുതായി ഒന്ന്  പരിഷ്‌കരികരിച്ചാല്‍ ദീര്‍ഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകും-യോഗയുടെ ശക്തരായ പ്രയോക്താക്കളില്‍ ഒരാള്‍ കൂടിയായ ശില്‍പ റഞ്ഞു.

സ്വന്തമായി ഒരു ഫിറ്റ്‌നസ് ആപ്പും ആരോഗ്യപാചകത്തിനായി ഇന്‍സ്റ്റഗ്രാമില്‍ മുടങ്ങാതെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന താരമാണ് ശില്‍പ.

Content Highlights: Why Bolywood Actress Shilpa Shetty turned down an offer to endorse slimming pills