നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായതാണ് സിനിമാ ലോകത്തെ പ്രധാന ചർച്ചാവിഷയം. ശിൽപയ്ക്കും കുന്ദ്രയ്ക്കുമെതിരേ ട്രോളുകളും സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതോടൊപ്പം രാജ് കുന്ദ്രയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച് ശിൽ ഷെട്ടി പണ്ടൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ചർച്ചയാവുകയാണ്. 

ഒരു ബിസിനസ് ഡീലിന്റെ ഭാ​ഗമായാണ് പൊതുസുഹൃത്ത് വഴി രാജ് കുന്ദ്രയെ താൻ ആദ്യമായി കണ്ടുമുട്ടുന്നതെന്ന് ശിൽപ പറയുന്നു. കുന്ദ്രയുടെ പുഞ്ചിരി, ആകര്‍ഷണശക്തി, വ്യക്തിത്വം എന്നിവയിൽ താൻ മയങ്ങിപ്പോയെന്നും എന്നാൽ കുന്ദ്ര വിവാഹിതനാണെന്ന് അറിഞ്ഞത് തന്നെ നിരാശയാക്കിയെന്നും ശിൽപ വെളിപ്പെടുത്തി. വിവാഹമോചനത്തിലൂടെ കടന്നുപോവുകയായിരുന്നു രാജ് എന്ന് ആ സമയത്ത് ശിൽപയ്ക്ക് അറിയുമായിരുന്നില്ല. 

ഇടക്കിടെ ലണ്ടൻ സന്ദർശിക്കേണ്ടി വന്നിരുന്നതിനാൽ താമസിക്കാനായി തന്റെ ബാച്ചിലർ റൂം രാജ് തനിക്കൊരിക്കൽ വാ​ഗ്ദാനം ചെയ്തുവെന്നും അതുകേട്ട് ആശ്ചര്യപ്പെട്ട തന്നോട് അദ്ദേ​ഹം വിവാഹമോചനത്തിന്റെ കാര്യം തുറന്ന് പറയുകയായിരുന്നുവെന്നും ശിൽപ പറയുന്നു. 

വിലപിടിച്ച ബാ​ഗുകൾ സമ്മാനമായി നൽകിയാണ് രാജ് തന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി ശ്രമിച്ചിരുന്നതെന്ന് ശിൽപ പറയുന്നു. ഇതുപോലെയുള്ള ഓരോ കാര്യങ്ങളിലൂടെ രാജ് തന്റെ പ്രണയം ശിൽപയെ അറിയിക്കാൻ ശ്രമിച്ചിരുന്നു. തങ്ങൾക്കിടയിലെ സൗഹൃദം നഷ്ടമാകാതിരിക്കാൻ ഇതെല്ലാം അവസാനിപ്പിക്കണമെന്ന് ശിൽപ രാജിനോട് ആവശ്യപ്പെട്ടു. ഒരിക്കലും ലണ്ടനിലേക്ക് ജീവിതം പറിച്ചു നടാൻ താൻ ആ​ഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയ ശിൽപ അതേസമയം തന്നെ രാജിനെ വിവാഹം ചെയ്യാൻ തീവ്രമായി ആ​ഗ്രഹിച്ചിരുന്നുവെന്നും പറയുന്നു. പിന്നീട് രാജ് ലണ്ടനിലെ ബിസിനസ് മുംബൈയിലേക്ക് മാറ്റുകയും ഇരുവരും വിവാഹിതരാവുകയുമായിരുന്നു. 

2009 ലാണ് ശിൽപയും രാജ് കുന്ദ്രയും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ഇരുവർക്കും. വിയാനും ശമിഷയും.

content highlights : When Shilpa Shetty opened up about her first meeting with husband Raj Kundra, marriage, kundra arrest